കോഴിക്കോട്: വേനൽ ചൂടിന് കനം വയ്ക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടേണ്ട കാലാവസ്ഥയിലൂടെ ജനുവരി കടന്നുപോകുന്നതിനാൽ തീപിടിത്ത സാദ്ധ്യതകൾ വിദൂരമല്ല. ഇന്നലെ പകൽ ജില്ലയിൽ 33.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്. ജനുവരിയിൽ മഴയുടെ സാദ്ധ്യത കുറവാണ്. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്കവും മുന്നറിയിപ്പുമായി അഗ്നിശമന സേന ജാഗ്രതയിലാണ്. 'സമ്മർ പ്രിപ്പറേഷൻ പ്ലാൻ' എന്ന പേരിൽ ഇതിനായി സംസ്ഥാന തലത്തിൽ യോഗങ്ങൾ നടന്നു. ജില്ലാ തലത്തിലും പരിശീലനം പൂർത്തിയായി. നഗരത്തിൽ അപകടങ്ങളുണ്ടായാൽ വേഗത്തിൽ എത്താൻ കഴിയുന്ന ബീച്ച് ഫയർ സ്റ്റേഷന്റെ കെട്ടിടം പണി തീരാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ ഇതുകൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങൾ മറ്റിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി.
അപകട സാദ്ധ്യത ഇങ്ങനെ
കുന്നുകൂടി കിടക്കുന്ന മാലിന്യം, കരിഞ്ഞുണങ്ങിയ പറമ്പുകൾ തുടങ്ങിയവ തീപിടിത്ത സാദ്ധ്യതാ പ്രദേശങ്ങളണ്. സിഗരറ്റ് കുറ്റികളും തീപ്പെട്ടികളും മറ്റും വലിച്ചെറിയുന്നത് തീപിടിത്തതിന് കാരണമാകാം. കൂടാതെ ഷോർട്ട് സർക്ക്യൂട്ടും ഗ്യാസ് സിലിണ്ടർ ലീക്കേജ് ഈ കാലാവസ്ഥയിൽ കൂടിയേക്കാം.
-സജ്ജമാണ് ഫയർ യൂണിറ്റുകൾ
മീഞ്ചന്തയിലെ റീജിയണൽ ഫയർ ഓഫീസ് ഉൾപ്പെടെ ജില്ലയിലെ ഒമ്പത് സ്റ്റേഷനുകളിലും മൊബെെൽ യൂണിറ്റുകൾ. എല്ലായിടത്തും രണ്ട് വാഹനങ്ങൾ വീതവും, ഹോസ് ജെറ്റുകൾ, സ്യൂട്ടുകൾ, ഫയർ എക്സിറ്റിക്യുഷറുകൾ എന്നിവയും സജ്ജമാണ്. മീഞ്ചന്തയിൽ വലിയ തീപിടിത്തങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്ന വാട്ടർ ബൗസർ, മറ്റ് വാഹനങ്ങൾ എന്നിവവയും സജ്ജീകരിച്ചു.
ശ്രദ്ധിക്കണം
കാടു കയറിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക.
മാലിന്യം കത്തിച്ച ശേഷം തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തുക.
പെട്രാേൾ പോലുള്ളവ വീടിനു സമീപം സൂക്ഷിക്കരുത്.
പുറത്ത് പോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കുക.
"" ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും സജ്ജമാണ്. എല്ലാ സ്റ്റേഷൻ ഓഫീസർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി. ജനങ്ങളും അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
- ടി.രജീഷ് ( റീജിയണൽ ഫയർ ഓഫീസർ, കോഴിക്കോട് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |