പ്രതിഷേധമുയർത്തി നാട്ടുകാർ
കോഴിക്കോട് : ജനവാസമേഖലയിലൂടെ കടന്നുപോകുന്ന തീരദേശ ഹെെവേ അലെെൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യവുമായി നാട്ടുകാർ.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി കപ്പലങ്ങാടി കടുക്ക ബസാർ മുതൽ ചാലിയം അങ്ങാടി വഴി കരുവൻതിരുത്തി മഠത്തിൽ പാടം വരെ നാലുവരി പാതയായി നിർമ്മിക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായുള്ള സർവേ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.
നിരവധി വീടുകളും , വ്യാപാര കേന്ദ്രങ്ങളും , ആരാധനാലയങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്. പ്രദേശത്തു നിന്ന് മാറേണ്ടി വന്നാൽ തങ്ങളെ കടുത്ത സാമ്പത്തിക ആഘാതത്തിലേക്ക് തള്ളിവിടുമെന്നും നാട്ടുകാർ പറയുന്നു.
നേരത്തെ ചാലിയം കരുവൻ തിരുത്തി പാലവുമായി ബന്ധപ്പെട്ട് വീടും , സ്ഥലവും നഷ്ടമായവർക്കാണ് ഇപ്പോൾ വീണ്ടും വീടും സ്ഥലവും നഷ്ടപ്പെടുന്നത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയും വളരെ കുറവാണെന്നും നാട്ടുകാർ പറയുന്നു. 20 കൊല്ലം മുമ്പ് തീരദേശ റോഡ് വികസനത്തിനായി സർവേ നടത്തിയ കപ്പലങ്ങാടി- മുരിങ്ങല്ലിങ്കൽ പ്രദേശത്തേക്ക് നിലവിലെ അലെെൻമെന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ റോഡ് വികസനത്തിനായി സർവേ നടന്ന പ്രദേശമായതിനാൽ പിന്നീട് ഇവിടെ വലിയതോതിലുള്ള നിർമാണ പ്രവർത്തികളൊന്നും നടന്നിട്ടില്ല. പുതിയ സർവ്വെ പ്രകാരമാണെങ്കിൽ ധാരാളം വീടുകളും വാണിജ്യ കെട്ടിടങ്ങളുമുള്ളതിനാൽ സർക്കാർ നൽകേണ്ട സാമ്പത്തിക നഷ്ടം വളരെ ചെലവേറിയതാകും.
ചാലിയം -കരുവൻ തിരുത്തി ജനകീയ സംരക്ഷണ സമിതിയാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ചെയർമാൻ പി പി ഇമ്പിച്ചിക്കോയ, വർക്കിംഗ് ചെയർമാൻ വി.മുഹമ്മദ് ബഷീർ, കൺവീനർ കണ്ണാടത്ത് ഹംസക്കോയ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധം ഇവരിൽ
ഫറോക്ക് കപ്പലങ്ങാടി, ചാലിയം, കടുക്ക ബസാർ, കരുവൻ തുരുത്തി പ്രദേശ വാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |