SignIn
Kerala Kaumudi Online
Friday, 23 October 2026 1.53 PM IST

ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് സജ്ജം നിലയ്ക്കില്ല ഹൃദയതാളം

kathulab
പ്രവർത്തന സജ്ജമായ ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ്

കോഴിക്കോട്: ഹൃദ്രോഗികൾക്ക് ആശ്വാസമായി ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് വീണ്ടും സജ്ജം. സ്റ്റെന്റും ഉപകരണങ്ങളും നൽകിയ വകയിൽ വിതരണക്കാർക്ക് നൽകാനുള്ള തുക കുടിശ്ശികയായതോടെ ഒമ്പത് മാസമായി കാത്ത് ലാബ് അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രത്യേക സമിതിയുടെ പരിശോധനയ്ക്ക് ശേഷം സ്റ്റെന്റ് വിതരണക്കാരുടെ കോടികളുടെ കുടിശ്ശിക നൽകാൻ തീരുമാനമായതോടെയാണ് കാത്ത് ലാബ് പ്രവർത്തന സജ്ജമായത്. ലാബിലേക്കുള്ള സ്റ്റെന്റ് , അനുബന്ധ ഉപകരണങ്ങൾ എന്നിവ ഇന്നലെയോടെ എത്തിച്ചു കഴിഞ്ഞു. നേരത്തെയുള്ള കാർഡിയോളജിസ്റ്റ് ഡോ. ഡി. ഹരികൃഷ്ണനെ കൂടാതെ ഡോ. വി.കെ ഹസൻ ജഷീലിനെ കൂടി ഹൃദ്രോഗ വിഭാഗത്തിൽ നിയമിച്ചിട്ടുണ്ട്. ഇതോടെ ഒ.പിയിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാകും. നിലവിൽ 50 ലധികം പേർക്കാണ് ഒ.പി ചികിത്സ ലഭ്യമായിരുന്നത്. ഇന്നലെ പൊതുവെ രോഗികൾ കുറവായിരുന്നു. ഇന്നുമുതൽ ഒ.പി സേവനങ്ങളും സർജറികളും നടക്കും. മാസങ്ങളായി അടച്ചിട്ടതിനാൽ ലാബിലെ കേടായ ഉപകരണങ്ങൾ മാറ്റുകയും മറ്റുള്ളവ അണുവിമുക്തമാക്കുകയും ചെയ്തെന്ന് അധികൃതർ പറഞ്ഞു.

കോടികൾ കുടിശ്ശിക

ഉപകരണങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് ലഭിക്കേണ്ട തുക കുടിശ്ശിക വരുത്തിയതോടെയാണ് കാത്ത് ലാബ് അനിശ്ചിതമായി അടച്ചിടേണ്ടി വന്നത്. 2023 മാർച്ച് മുതൽ 2024 മാർച്ച് 31 വരെ ലഭിക്കാനുള്ള കുടിശ്ശിക മൂന്നരക്കോടി കടന്നതോടെ വ്യാപാരികൾ കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ സ്റ്റന്റ് വിതരണം നിറുത്തി. ഇതോടെ ആശുപത്രിയിലെ കാത്ത് ലാബും അടച്ചു. മറ്റ് ആശുപത്രികളിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുമ്പോഴും ബീച്ചിലെ പ്രശ്‌നത്തിൽ അധികൃതർ ഇടപെടാത്തത് വിവാദമായി. തുടർന്ന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കുകയും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് പരിഹാരമായത്. കുടിശ്ശികയായ 1.25 കോടിയിൽ 50 ലക്ഷം കെെമാറി. ബാക്കിയുള്ളതിൽ 50 ലക്ഷം മാർച്ചിൽ നൽകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം ഒത്തുതീർപ്പായത്. കുടിശ്ശികയായ മൂന്നരക്കോടിയിൽ ഒന്നേകാൽ കോടി രൂപ വിതരണക്കാർക്ക് ഗഡുക്കളായി നേരത്തെ കെെമാറിയിരുന്നു.

നെട്ടോട്ടമോടി രോഗികൾ

ഹൃദ്രോഗ ചികിത്സ മുടങ്ങിയതോടെ പാവപ്പെട്ട രോഗികൾ പ്രയാസമനുഭവിച്ചിരുന്നു. ചികിത്സയ്ക്കായി എത്തിയവരെ മെഡി.കോളേജിലേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ മെഡി.കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായതോടെ പാവപ്പെട്ട രോഗികൾ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഹൃദ്രോഗ വിഭാഗം ഒ.പിയുള്ളത്. ഒരുമാസം ശരാശരി 40-50 ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. കാത്ത് ലാബ് തുടങ്ങിയശേഷം പലവട്ടം കുടിശ്ശിക പ്രശ്നമുണ്ടായി ദിവസങ്ങളോളം ലാബ് അടച്ചിട്ടിരുന്നു. കുടിശ്ശിക ഗഡുക്കളായി തീർത്ത് പ്രശ്നം പരിഹരിക്കുന്ന സമീപനമായിരുന്നു പലപ്പോഴും. ഇത്തവണ അതുമുണ്ടായില്ല. കാത്ത് ലാബിന് ആവശ്യമായ തുക അതിലേക്കായി ചെലവഴിക്കാതെ പലതരത്തിൽ ഉപയോഗിക്കുന്നതാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് ആരോപണം. കുടിശ്ശിക ഉയരുമ്പോൾ ചെറിയ തുക മാത്രം കൈമാറി വീണ്ടും സ്റ്റെന്റ് വിതരണം പുനരാരംഭിക്കുന്നതിന് പകരം കൃത്യമായി പണംനൽകാൻ സംവിധാനം ഒരുക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL