മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറുമാസം തികഞ്ഞു. അനാസ്ഥയുടെയും അവഗണനയുടെയും നേർക്കാഴ്ചയാണ് ദുരന്തമേഖലയിലും ദുരന്തബാധിതരിലും കാണുന്നത്. 298 പേർ മരണപ്പെടുകയും ആയിരത്തിലേറെ വീടുകൾ തകരുകയും ചെയ്ത മഹാദുരന്തം കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ പുലർത്തി വരുന്നത്. ആറുമാസത്തിനകം ലോകത്തിന് മാതൃകയാകുന്ന തരത്തിൽ പുനരധിവാസം നടപ്പിലാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
എന്നാൽ സ്ഥലം ഏറ്റെടുക്കൽ പോലും ഇതുവരെയും പൂർത്തിയായിട്ടില്ല.
മേപ്പാടി നെടുമ്പാലയിലും കൽപ്പറ്റയിലുമായി രണ്ട് സ്ഥലങ്ങൾ ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കാൻ കുറഞ്ഞത് ഇനിയും രണ്ടാഴ്ച വേണ്ടിവരുമെന്നാണ് സൂചന. ഭൂമിയുടെ വില നിർണയ സർവേ പൂർത്തിയായി. മണ്ണ് പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. സർവേ നടപടികളും അവസാന ഘട്ടത്തിലാണ്. ഇതിനിടയിൽ നെടുമ്പാലയിലെ ഭൂമി ഏറ്റെടുക്കലിനെതിരെ ഹാരിസൻസ് മലയാളം പ്ലാന്റേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കേസ് ഇതുവരെയും കോടതി പരിഗണിച്ചിട്ടില്ല. ഏറ്റെടുക്കൽ സ്റ്റേ ചെയ്യണമെന്നാണ് എച്ച്.എം.എല്ലിന്റെ ആവശ്യം. ഏറ്റെടുക്കലിന് സ്റ്റേ നൽകാത്തതിനാൽ തന്നെ സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാൻ കഴിയും.
സാധാരണ 5 സെന്റിൽ 750 സ്‌ക്വയർ ഫീറ്റ് വീട് എന്ന പതിവിന് വിപരീതമായി അന്തസ്സോടെ ജീവിക്കാൻ 1000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മികച്ച വീടുകൾ നിർമ്മിക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം. വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളും കളിസ്ഥലങ്ങളും ഉൾപ്പെടുന്ന ടൗൺഷിപ്പുകൾ ആയിരുന്നു പ്രഖ്യാപനം. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ തന്നെ മറ്റു നടപടികളൊന്നും സർക്കാർ ഇതുവരെയും ആരംഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |