കോഴിക്കോട്: അലങ്കാര ചെടികളുൾപ്പെടെ വിവിധ സസ്യങ്ങളെ ബാധിക്കുന്ന പുതിയ ഇനം ഫംഗസിനെ കണ്ടെത്തി. ഇലപ്പുള്ളി രോഗത്തിനും വരൾച്ചയ്ക്കും ഇടയാക്കുന്ന ഫൈറ്റോപഥോജെനിക് വിഭാഗത്തിൽപ്പെട്ട ഫംഗസാണിത്. കേരള വനഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. ശംഭുകുമാർ, പ്രൊജക്ട് വിദ്യാർത്ഥി ഫർസാന കെ.ബി, ജൂനിയർ റിസർച്ച് ഫെല്ലോ മുഫീദ കെ.ടി എന്നിവരാണ് ഇത് കണ്ടെത്തിയത്. കാമ്പസിൽ നട്ടുവളർത്തിയ മറ്റൂറിയ അസുർ ( ആമസോൺ ബ്ളൂ)സസ്യത്തിലാണ് നിരീക്ഷണം നടത്തിയത്.
ഗോരഖ്പൂർ സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. പി. കമാലിയോടുള്ള ബഹുമാനാർത്ഥം ഇതിന് പാരാമൈറോതെസിയം കമാലിയ എന്ന് പേരിട്ടു. ഈ ഫംഗസിന് ലോകത്ത് 22 സ്പീഷീസുകളേയുള്ളൂ. അവയിൽ മിക്കതും ഫൈറ്റോപഥോജെനിക്കാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. രാഘവേന്ദ്ര സിംഗ്, ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ഡോ. എസ്.മഹാദേവകുമാർ എന്നിവരും സഹകരിച്ചു. പഠനം ആർക്കൈവ്സ് ഒഫ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ചു.
ഉഷ്ണമേഖലാപ്രദേശങ്ങലിലെ സസ്യങ്ങളിലാണ് രോഗബാധ കൂടുതൽ കാണാറ്. അനുകൂല കാലാവസ്ഥയിൽ പെട്ടെന്ന് വ്യാപിക്കും. രോഗം ബാധിച്ച ഇലകൾ ആദ്യഘട്ടത്തിൽത്തന്നെ നീക്കം ചെയ്യണം. ജെെവ മരുന്നുകളും ലഭ്യമാണ്. കൂടുതൽ രോഗമുണ്ടെങ്കിൽ കുമിൾനാശിനി ഉപയോഗിക്കാം.
''ഈ ഫംഗസിൻ്റെ ശ്രേണികളെ കുറിച്ചും മറ്റും കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്.
- ഡോ. ശംഭുകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |