കോഴിക്കോട്: പാർട്ടിയെ സംബന്ധിച്ച് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളാണ് പ്രധാനം. തദ്ദേശ സ്വയംഭരണ , നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ജില്ലയിലെ പാർട്ടിയെ കൂടുതൽ സജ്ജമാക്കുകയാണ് പുതിയ സെക്രട്ടറി എന്ന നിലയിൽ പ്രധാന ദൗത്യമെന്ന് എം.മെഹ്ബൂബ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കേരളകൗമുദിയോട് സംസാരിക്കുന്നു.
@ പി.മോഹനന്റെ പിൻഗാമിയായ
താങ്കളുടെ ഉത്തരവാദിത്വം...?
പി.മോഹനൻ കോഴിക്കോട് ജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ കാലയളവ് പാർട്ടി വലിയ വെല്ലുവിളിയിലൂടെ കടന്നുപോയ കാലമാണ്. കരുത്തുറ്റ നേതൃത്വമാണ് അദ്ദേഹം പാർട്ടിക്ക് നൽകിയത്. പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ അദ്ദേഹം വെട്ടിയ പാത വലിയ പിന്തുണയാണ് നൽകുന്നത്.
@ കൺസ്യൂമർഫെഡ് ചെയർമാനിൽ നിന്ന്
പാർട്ടി നേതൃത്വത്തിലേക്ക് വരുമ്പോൾ..?
കൺസ്യൂമർഫെഡ് ചെയർമാനും ജില്ലാ സെക്രട്ടറിയും രണ്ടും രണ്ടാണ്. ഒന്ന് ഭരണഘടന പദവി. മറ്റേത് പാർട്ടി ചുമതല. കോഴിക്കോട്ടെ പാർട്ടി ഘടകങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് കൊണ്ടുപോവുക, ജനങ്ങൾക്കിടയിൽ പാർട്ടിക്ക് സൽപേര് സൃഷ്ടിക്കുക, പാർട്ടിക്കെതിരായ കടന്നാക്രമങ്ങളെ ചെറുക്കുക, പാർട്ടിയെയും അണികളെയും തിരഞ്ഞെടുപ്പിന് സജ്ജമാക്കുക തുടങ്ങി നിരവധിയായ കർത്തവ്യങ്ങളുണ്ട്. 47അംഗ ജില്ലാകമ്മിറ്റിയെയാണ് സമ്മേളനം തിരഞ്ഞെടുത്തത്. ഒരിടത്തുപോലും അസ്വാരസ്വങ്ങൾ ഉണ്ടായിട്ടില്ല.
@ പ്രധാനവെല്ലുവിളിയായി പാർട്ടി കാണുന്നത് ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ-യു.ഡി.എഫ് കൂട്ടുകെട്ടാണല്ലോ...?
തീർച്ചയായും. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടിന്റെ പാർട്ടി രൂപമായ എസ്.ഡി.പി.ഐയും ഉയർത്തുന്നത് ചില്ലറ ഭീഷണിയല്ല. ഇവരുമായിട്ടാണ് യു.ഡി.എഫിന് സഖ്യം. എല്ലാകാലത്തും സി.പി.എമ്മും ഇടതുപക്ഷവും ഇവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ വർഗീയതയെപ്പോലെത്തന്നെയാണ് നൂനപക്ഷ വർഗീയതയും. വർഗീയതക്കെതിരായ പോരാട്ടം സി.പി.എം ശക്തമായിതന്നെ തുടരും.
@ വടകര ലോകസഭ സീറ്റ് വർഷങ്ങളായി നഷ്ടപ്പെടുന്നു,
നിയമസഭ സീറ്റ് കഴിഞ്ഞ തവണ പോയി..?
പലതട്ടിൽ ഓരോ തിരഞ്ഞെടുപ്പ് ഘട്ടത്തിലും പാർട്ടിയത് പഠിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. വടകര ലോക്സഭാ മണ്ഡലം മാത്രമല്ല കോഴിക്കോടും തിരിച്ച് പിടിക്കണം. ഒപ്പം വടകര നിയമസഭ മണ്ഡലവും. അതിനുള്ള കർമ പദ്ധതികളുമായി മുന്നോട്ട് പോവും.
പാർട്ടി വളർന്നു, പ്രതിസന്ധി
വലതുപക്ഷ സൃഷ്ടി: പി. മോഹനൻ
കോഴിക്കോട്: 2015ലെ വടകര സമ്മേളനത്തിലാണ് പി.മോഹനൻ ജില്ലാ സെക്രട്ടറിയാവുന്നത്. ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്ന് ജയിൽവാസവും നിരപരാധിത്വം തെളിയിച്ച് വിട്ടയക്കലിനും ശേഷം നടന്ന സമ്മേളനത്തിൽ ഐകകണ്ഠ്യേന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
2025ൽ വീണ്ടും വടകര വേദിയായ സമ്മേളനത്തിൽ മൂന്ന് ടേം പൂർത്തിയാക്കി മോഹനൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. പി.മോഹനൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
പ്രതിസന്ധി കാലത്ത്
പാർട്ടിയെ നയിച്ചു...
അഭിമാനത്തോടെ
പടിയിറക്കം..?
2015ലെ വടകര സമ്മേളന കാലം കേരളത്തിൽ സി.പി.എം നിരവധിയായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. നിരപരാധിയെന്ന് കോടതി വിധിയെഴുതുംവരെ ഒന്നരവർഷം ജയിലിൽ കഴിഞ്ഞു.
അതേ പ്രതിസന്ധിയിലൂടെ പാർട്ടിയും കടന്നുപോയി. ദാരുണമായ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമായിട്ടും ഇപ്പോഴും വിമർശനം ഏറ്റുവാങ്ങുന്നു. ഇതിന് പിന്നിൽ വലതുപക്ഷവും വലതുപക്ഷ മാദ്ധ്യ മങ്ങളുമാണ്.
പാർട്ടി വളർന്നോ...?
എന്താണ് സംശയം. ഇതിനെല്ലാം കണക്കുകളില്ലേ. കോഴിക്കോട് ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയപാർട്ടിയും ബഹുജന വിപ്ലവ സംഘടനയുമാണ് സി.പി.എം. 2014ലെ മെമ്പർഷിപ്പ് അനുസരിച്ച് 31811 അംഗങ്ങളാണ് പാർട്ടിയിലുണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇതിൽ 4842 അംഗങ്ങളുടെ വർദ്ധനവുണ്ടായിരുന്നു. 10 വർഷം പിന്നിടുമ്പോൾ മെമ്പർഷിപ്പ് 55624 ആയി ഉയർന്നു. ഈ സമ്മേളന കാലയളവിൽ ജില്ലയിലെ പാർട്ടി അംഗത്വത്തിൽ 27.07ശതമാനം സ്ത്രീകൾ വന്നുവെന്നത് എടുത്തുപറയേണ്ടതാണ്.
കോഴിക്കോട്ടെ പാർട്ടി
നേരിടുന്ന പ്രതിസന്ധി...?
കോഴിക്കോട്ടെ പാർട്ടിക്ക് മാത്രമായി പ്രതിസന്ധിയില്ല. കേരളത്തിൽ മുഴുവൻ പാർട്ടി നിരവധിയായ അതിക്രമങ്ങൾ നേരിടുകയാണ്. അത് കൂടുതലും വലതുപക്ഷം ഉന്നയിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ്. അതിന് ചില മാദ്ധ്യമങ്ങൾ കൂട്ടുപിടിക്കുന്നു. കോഴിക്കോട്ടെ സമ്മേളനത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങൾ വെച്ച് എത്ര സെക്രട്ടറിമാരുടെ പേരുകളാണ് അടിച്ചു വിട്ടത്.
ഇപ്പോൾ ഓർക്കുമ്പോൾ അത് നന്നായെന്ന് തോന്നുന്നു. ഇത്രയേറെ പേർ ജില്ലാ സെക്രട്ടറിമാരാവാൻ യോഗ്യരെന്ന് കണ്ടെത്തിയല്ലോ.
യു.ഡി.എഫിന്റെ വർഗീയ ഫാസിസ്റ്റ് കൂട്ടുകെട്ടും അതിന് ബി.ജെ.പിയടക്കമുള്ളവരുടെ തണലുമെല്ലാം വലിയ പ്രശ്നങ്ങളാണ്. ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമടക്കമുള്ളവരുമായി വലിയ കൂട്ടൂകെട്ടല്ലെ നടക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |