മേപ്പാടി: വേനൽ കനക്കും മുൻപേ ചൂടിന്റെ കാഠിന്യത്താൽ ഉണങ്ങിക്കരിഞ്ഞ് കാർഷികവിളകൾ. തേയില ,കാപ്പി, കുരുമുളക് തുടങ്ങിയ വിളകളാണ് പലയിടത്തും ഉണങ്ങുന്നത്. ഈ വർഷം വേനലിന്റെ ആരംഭത്തിൽ തന്നെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇത്തരത്തിൽ കാർഷികവിളകൾക്ക് 'ഉണക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ വേനലിന്റെ തുടക്കത്തിൽ തന്നെ പലഭാഗങ്ങളിലും കാർഷിക വിളകൾ ഉണങ്ങുന്നുണ്ട്. നേരത്തെ ജലസേചനം ആരംഭിച്ചില്ലെങ്കിൽ കൃഷി വൻതോതിൽ ഉണങ്ങി നശിക്കുന്ന സാഹചര്യമാകും. വേനൽ മഴ വയനാട് ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരിയോടെ തന്നെ വേനൽ മഴ പെയ്തു തുടങ്ങിയിരുന്നു. മഴക്കാലത്ത് അതിതീവ്ര മഴ ഉൾപ്പെടെ പെയ്തിട്ടും പലയിടങ്ങളിലും ഇപ്പോൾ തന്നെ ജലസ്രോതസുകളിൽ വെള്ളം താഴ്ന്നിട്ടുണ്ട്. ഇത് വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെ സൂചനയാകാമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. 2018ലെയും 19 ലെയും പ്രളയത്തിനുശേഷം സമാനമായ അവസ്ഥയായിരുന്നു. കടുത്ത വരൾച്ചയുടെ ലക്ഷണം കാണിച്ചെങ്കിലും വൈകാതെ വേനൽ മഴ പെയ്തതോടെ ആശ്യാസമായിരുന്നു. നിലവിൽ 30 ഡിഗ്രി സെൽഷ്യസ് ആണ് വയനാട്ടിലെ പകൽ സമയത്ത് ശരാശരി ഉയർന്ന താപനില. വരും ദിവസങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാർച്ച്,ഏപ്രിൽ മാസങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പ്രതീക്ഷിക്കുന്ന ചൂട്. ഇനിയും ചൂട് കൂടുന്ന സാഹചര്യമുണ്ടായാൽ വരൾച്ച ശക്തമാകാൻ ഇടയുണ്ട്. കാർഷികവിളകൾ ഉണങ്ങി കരിയുന്നത് പ്രതിരോധിക്കാൻ കുമ്മായം ഉൾപ്പെടെ പ്രയോഗിക്കുന്നത് നല്ലതാണെന്ന് കൃഷി വിദഗ്ധർ പറയുന്നു. പുതുതായി നട്ടു പരിപാലിക്കുന്ന തൈകൾക്ക് പുതയിട്ടു നൽകുന്നതും നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |