കോഴിക്കോട്: പറഞ്ഞിട്ടും പരാതി നൽകിയിട്ടും പരിഹാരമില്ലാതെ നഗരത്തിലെ ലോറി പാർക്കിംഗ്. കോഴിക്കോടിന്റെ വാണിജ്യ വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ ലോറികൾ എത്തുമ്പോൾ പാർക്ക് ചെയ്യാൻ സ്ഥലത്തിനായി നെട്ടോട്ടം തുടങ്ങിയിട്ട് കാലം കുറേയായി. കോർപ്പറേഷന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് 22ന്‌കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യൂണിയൻ.
ദിനം പ്രതി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം ലോറികളാണ് ചരക്ക് നീക്കത്തിനായി വലിയങ്ങാടിയിൽ എത്തുന്നത്. വലിയങ്ങാടിയിൽ നിലവിലുള്ള ലോറി സ്റ്റാൻഡിൽ കഷ്ടിച്ച് 70 ലോറികൾക്കാണ് പാർക്കിംഗ് സൗകര്യമുള്ളത്. കോഴിക്കോട് നഗരത്തിൽ നിവലിൽ 1000 ത്തോളം ലോറികൾ വിവിധ ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്നുണ്ടെന്നാണ് ലോറി ഡ്രൈവർമാർ പറയുന്നത്. നേരത്തെ സാധനങ്ങളെടുക്കാനായി വലിയങ്ങാടിയിലെത്തുന്ന ലോറികൾ സമീപത്തെ റോഡുകളിൽ താത്കാലികമായി പാർക്ക് ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കിയതോടെ അതുംമുടങ്ങി.
അനുമതി കാത്ത് സൗത്ത് ബീച്ചിലെ പാർക്കിംഗ്
സ്ഥലമില്ലാത്തതല്ല പ്രതിസന്ധി. മാരിടൈം ബോർഡിന് കീഴിൽ സൗത്ത് ബീച്ചിന് സമീപത്തെ ഒരേക്കറോളം സ്ഥലം ലോറി പാർക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം തുറമുഖ വകുപ്പിന് നൽകുകയും മന്ത്രി ആവശ്യം അംഗീകരിക്കുകയും ചെയ്തതാണ്. പദ്ധതി നടപ്പാക്കാൻ മാരിടൈം ബോർഡ് തയ്യാറാണ്. സ്ഥലത്ത് അനധികൃതമായി പ്രവർത്തിക്കുന്ന അഞ്ച് കെട്ടിടങ്ങൾ മാറ്റാത്തതാണ് പ്രതിസന്ധി. കോർപ്പറേഷനിൽ പലതവണ ആവശ്യം ഉന്നയിച്ചിട്ടും അധികൃതർ ഇതുവരെ ഇടപെട്ടിട്ടില്ല. സൗത്ത് ബീച്ചിലെ പാർക്കിംഗ് ഏരിയ സജ്ജീകരിച്ചാൽ ഒരേസമയം 500 ലോറികളെങ്കിലും പാർക്ക് ചെയ്യാമെന്നാണ് ലോറി ഡ്രൈവർമാർ പറയുന്നത്. ഇതോടെ ബീച്ച് പരിസരത്ത് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന വലിയ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ ഒഴിവാക്കാനും കഴിയും. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വലിയങ്ങാടി വഴിയുള്ള ചരക്ക് നീക്കത്തിനെ സാരമായി ബാധിക്കുമെന്നാണ് പ്രദേശത്തെ കച്ചവടക്കാരും പറയുന്നത്.
''ലോറി പാർക്കിംഗ് സംബന്ധിച്ച പ്രശ്നം നിരവധി തവണ കോർപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തി. പക്ഷേ, യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ സമരമല്ലാതെ മറ്റ് മാർഗങ്ങളില്ല.
എ. റഷീദ് ( ലോറി പാർക്കിംഗ് സംരക്ഷണ സംയുക്ത സമിതി കൺവീനർ ).
22ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |