കോഴിക്കോട്: വ്യാപാരമേഖലയിൽ അധികം കണ്ടു പരിചയമില്ലാത്ത കാർഷിക ഉപകരണങ്ങളാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ എൻജിനിയറായ ജോബിൻ തന്റെ പരീക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്. അതും മിതമായ നിരക്കിൽ,എളുപ്പത്തിൽ ഉപയോഗിക്കാവുന്നവ. നിലവിൽ വെെദ്യുതിയിലും വിറകുപയോഗിച്ചും പ്രവർത്തിക്കാവുന്ന മൾട്ടി പർപ്പസ് ഡ്രയറാണ് ജോബിൻ തയ്യാറാക്കിയിട്ടുള്ളത്.
മലയോര കർഷക ഗ്രാമത്തിൽ ജനിച്ച ജോബിന് വന്യമൃഗശല്യവും,കൃഷിനാശവുമെല്ലാം ചെറുപ്പം തൊട്ട് കണ്ട് വളർന്നവയാണ്.
ഈ തിരിച്ചറിവാണ് കാർഷിക ഉപകരണ നിർമ്മാണ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചത്. ഗവേഷണത്തിനായി വീടിനോട് ചേർന്ന് ലാബും സജ്ജീകരിച്ച ജോബിൻ 2019ൽ ഡ്രീംലീഫ് ടെക്നോളജീസ് എന്ന സ്ഥാപനം ആരംഭിച്ചാണ് കാർഷികോപകരണങ്ങളുടെ വില്പന നടത്തുന്നത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ കാർഷിക സബ്സിഡി സ്കീമായ എസ്.എം.എ.എം (സ്മാം) വഴിയും വില്പന നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ എക്സ്പോകളിലും ഉപകരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
അദ്ധ്യാപക ജോലി വിട്ട് ഗവേഷണം
ചെന്നൈ ലയോള കോളേജിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ജോബിൻ മെഷീൻ ഡിസെെനിംഗിൽ ബിരുദാനന്തര ബിരുദവും നേടി. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് കാർഷിക സംസ്കാരത്തിന്റെ അഭിവൃദ്ധിക്കായി ഗവേഷണങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയുണ്ടായത്. തുടർന്ന് ജോബിൻ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ഗവേഷണത്തിനിറങ്ങി. എൻജിനിയറായ ഭാര്യ ആർലിൻ,മക്കളായ ഇവ എലിസബത്ത്,മില ആർലിൻ എന്നിവരുടെ പിന്തുണയുമുണ്ട്. മാതാപിതാക്കൾ പാലത്തുംതലയ്ക്കൽ ജോയി,ബീന.
ഉപകരണങ്ങൾ
ജാതിപത്രി,കൊപ്ര തുടങ്ങിയവ ഉണക്കാനുള്ള ഡ്രയർ
പൗൾട്രി ഫാമുകളിൽ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ബ്രൂഡർ
വെെദ്യുതവേലിക്കുവേണ്ട ഓട്ടോമാറ്റിക്,സെമി ഓട്ടോമാറ്റിക് എനർജൈസറുകൾ
മൾട്ടി പർപസ് പൗൾട്രി ഫാം ട്രോളി,സ്ക്രാപ്പർ മെഷിൻ,ഇൻഡസ്ട്രിയൽ ഹെവി ഡ്യൂട്ടി ഫാൻ
വന്യമൃഗ ശല്യം കൂടുന്ന സാഹചര്യത്തിൽ ഇതിന് പരിഹാരമാകുന്ന സംവിധാനങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
-ജോബിൻ അഗസ്റ്റിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |