കോഴിക്കോട്: ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷവും കുഞ്ഞുങ്ങളില്ലാത്തവർക്ക് ആശ്വാസമായി ഹോമിയോ വകുപ്പിന്റെ ജനനി പദ്ധതി. 2012 ആഗസ്റ്റിൽ ജില്ലയിൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ പിറന്നത് 421 കുഞ്ഞുങ്ങൾ. ജില്ലാ പഞ്ചായത്തിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം കണ്ടങ്കുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ ചികിത്സ ലഭ്യമാണ്. ശാരീരിക പ്രശ്നങ്ങൾക്കു പുറമെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകിയാണ് ചികിത്സ. പങ്കാളികളുമായി വിശദമായി സംസാരിച്ച്, ആധുനിക ലാബ് പരിശോധനയുടെ സഹായത്തോടെ മരുന്ന് നിർദ്ദേശിക്കും. ആവശ്യമെങ്കിൽ കൗൺസലിംഗുമുണ്ടാകും. പദ്ധതിയെ സെന്റർ ഫോർ എക്സലൻസിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ജില്ലാ ഹോമിയോ ആശുപത്രിയിൽ കുട്ടികളുടെ ഒ.പി, ഓഡിയോളജി, യോഗ, ഫിസിയോ തെറാപ്പി, ഒപ്റ്റോമെട്രി, എല്ല് യുനാവി ക്ളിനിക്ക് എന്നിവയുമുണ്ട്.
കുടുംബസംഗമവും സെമിനാറും
ജനനി പദ്ധതിയിലൂടെ കുഞ്ഞുങ്ങളുണ്ടായ നൂറോളം അമ്മമാരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും സംഗമവും ഹാപ്പി പേരന്റിംഗ് സെമിനാറും നാളെ ഉച്ചയ്ക്ക് 12 മുതൽ പുതിയങ്ങാടി ഒലിവ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്, എം.കെ.രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, മുക്കം മുഹമ്മദ്, ഡോ. കവിത പുരുഷോത്തമൻ, ഡോക്ടർമാരായ അനീന പി. ത്യാഗരാജ്, വിവേക് കെ.വി, അച്ചാമ്മ ലെനു തോമസ് എന്നിവർ പങ്കെടുത്തു.
ജില്ലാ ഹോമിയോ ആശുപത്രിയിലെ പദ്ധതികൾ
ആയുഷ്മാൻ ഭവ: - ജീവിതശെെലി രോഗ ചികിത്സ
സീതാലയം- സ്ത്രീകളുടെ മാനസികാരോഗ്യം
പുനർജനി- ലഹരി വിമുക്ത പദ്ധതി
സദ്ഗമയ- ശിശു, കൗമാര കേന്ദ്രീകൃത ചികിത്സ
ആയുർവിദ്യ- വിദ്യാർത്ഥികൾക്ക് ബോധവത്കരണം
സാന്ത്വനം- കിടപ്പുരോഗികളുടെ പരിചരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |