കോഴിക്കോട് : സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് കേരളം ആർജ്ജിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു വർഗീയ ശക്തിക്കും കേരളത്തിന്റെ മുന്നേറ്റത്തെ തകർക്കാൻ സാധിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് കോട്ടൂളിയിൽ നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് വോട്ടുണ്ടെന്ന് മനസിലാക്കിയ പ്രതിപക്ഷം കേരളത്തിൽ ഒരു വികസനവും നടപ്പിലാക്കില്ലെന്ന നിലപാടിലാണ്. കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ വ്യവസായ കുതിപ്പിനെക്കുറിച്ച് ശശി തരൂർ പറഞ്ഞത്. അദ്ദേഹം നിലപാട് പിൻവലിച്ചിട്ടുമില്ല. വിറളി പിടിച്ച കോൺഗ്രസും ലീഗും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി കൈകോർത്ത് കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇരുപത് വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് ലക്ഷ്യം. കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരന്റെ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മനസില്ലെന്നും പ്രഖ്യാപിച്ച് നിലപാട് സ്വീകരിച്ചവരെ ചേർത്തുപിടിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എം .മെഹബൂബ് അധ്യക്ഷത വഹിച്ചു. ചേവായൂർ ബാങ്ക് സ്ഥാപകനും കെ.പി.സി.സി മെമ്പറുമായിരുന്ന വിശ്വനാഥൻ , ഡി.സി.സി അംഗം കെ .വി സുബ്രഹ്മണ്യൻ, ബാങ്ക് ചെയർമാൻ ജി .സി പ്രശാന്ത്‌കുമാർ, പി. പ്രകാശൻ, പട്ടാടത്ത് സുരേഷ് തുടങ്ങി 86 പേരാണ് സി. പി. എമ്മിൽ ചേർന്നത്. എം .വി ഗോവിന്ദൻ പതാക കൈമാറി പ്രവർത്തകരെ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി .മോഹനൻ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രദീപ് കുമാർ, കെ.കെ ലതിക, മുതിർന്ന നേതാവ് ടി പി ദാസൻ, എ .പി അനിൽകുമാർ, കെ .ബൈജു, കെ. ദാമോദരൻ, ഒ .എം ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു. ടൗൺ ഏരിയ സെക്രട്ടറി പി .നിഖിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |