നിർമ്മാണം അന്തിമഘട്ടത്തിൽ
കോഴിക്കോട്: നിർമ്മാണം അന്തിമഘട്ടത്തിൽ പാളയം പഴം - പച്ചക്കറി മാർക്കറ്റിനായ് കല്ലുത്താൻ കടവിലൊരുങ്ങുന്നത് അത്യാധുനിക കെട്ടിടം. വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ഉയരുമ്പോഴും കെട്ടിടത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 5.5 ഏക്കർ വിസ്തൃതിയുള്ള കല്ലുത്താൻകടവിലെ മൂന്ന് നില മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം 90 ശതമാനം വരെ പൂർത്തീകരിച്ചു കഴിഞ്ഞു. മാർക്കറ്റിൽ നിലവിൽ പ്രവർത്തിക്കുന്ന 153 കടമുറികൾക്കുള്ള സൗകര്യം സജ്ജമാക്കി. ഇതിനു പുറമേയും കടമുറികൾ നിർമ്മിച്ചിട്ടുണ്ട്. മുന്നൂറോളം കടമുറികളാണ് നിർമ്മിച്ചത്. പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ്, ഫ്ലോറിംഗ് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു കടമുറികൾ. ഹോൾസെയിൽ, റീറ്റെയിൽ കടകൾ തരം തിരിച്ചാണ് സജ്ജീകരിക്കുക. മാർക്കറ്റിനൊപ്പം അനുബന്ധ കടകൾക്കുള്ള സൗകര്യവുമുണ്ട്. തൊഴിലാളികൾക്കുള്ള വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയുമുണ്ട്. മാർക്കറ്റിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി 500 വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യമുണ്ടാകും. കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ച് കടമുറികൾ പാർട്ടീഷ്യൻ ചെയ്ത് നൽകുന്ന പ്രവൃത്തിയാണ് ഇനിയുള്ളതെന്നും കച്ചവടക്കാർ കടമുറികൾക്ക് എത്ര സ്ഥലം വേണമെന്ന് അറിയിച്ച് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാനാകുമെന്ന് നിർമ്മാണചുമതലയുള്ള കല്ലുത്താൻകടവ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ അലി മാനോടികയ്യിൽ പറഞ്ഞു. 35 വർഷത്തെ നടത്തിപ്പു കാലാവധിയ്ക്കു ശേഷമാണ് സൊസൈറ്റി മാർക്കറ്റ് കോർപ്പറേഷന് കൈമാറുക. അതുവരെ പച്ചക്കറി മാർക്കറ്റ്, വാണിജ്യ സമുച്ഛയം എന്നിവയിൽ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണ് കരാർ. ആദ്യത്തെ മൂന്നു വർഷം 10 ലക്ഷം വീതവും പിന്നീട് ഓരോ വർഷവും അഞ്ചു ശതമാനം വർധനയോടെയുള്ള തുകയും കോർപ്പറേഷന് നൽകണമെന്നും കരാറിലുണ്ട്. 5.5 ഏക്കർ വിസ്തൃതിയിൽ മൂന്നു നില കെട്ടിടമായാണ് മാർക്കറ്റ് നിർമ്മാണം നടക്കുന്നത്.
27 ന് മനുഷ്യച്ചങ്ങലയുമായി വ്യാപാരികൾ
പാളയം മാർക്കറ്റിനേക്കാൾ മികച്ച സൗകര്യത്തിലാണ് പുതിയ മാർക്കറ്റ് നിർമ്മിക്കുന്നതെങ്കിലും മാറാൻ വ്യാപാരികൾ ഇനിയും ഒരുക്കമല്ല. 27 ന് രാവിലെ 10 മണിക്ക് പാളയം മാർക്കറ്റിന് മുൻപിൽ മനുഷ്യച്ചങ്ങല തീർക്കാൻ ഒരുങ്ങുകയാണ് പാളയം പച്ചക്കറി മാർക്കറ്റ് ഫ്രൂട്ട്സ് ആൻഡ് മേഖല സംരക്ഷണ സമിതി. കല്ലുത്താൻകടവ് കോളനി പൊളിച്ച് മാറ്റിയതോടെയാണ് പാളയം മാർക്കറ്റ് അവിടേക്ക് മാറ്റാൻ കോർപ്പറേഷൻ തിരുമാനിച്ചത്. മാർക്കറ്റ് മാറ്റത്തിനെതിരെ പാളയത്തെ വ്യാപാരികൾ ആദ്യം മുതലേ സമരത്തിലാണ്. കോർപ്പറേഷൻ നിരവധതവണ ചർച്ച നടത്തിയെങ്കിലും പാളയത്തിൽ നിന്ന് മാറാൻ കച്ചവടക്കാർ തയ്യാറല്ല. പാളയം പച്ചക്കറി മാർക്കറ്റ് ആധുനിക രീതികളോടെ പാളയത്തു തന്നെ പുനർനിർമിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
പുതിയ മാർക്കറ്റിൽ ഓരോ കച്ചവടക്കാർക്കും എത്ര സ്ഥലം വേണമെന്ന് അറിയിക്കാം. അതിനായി കോർപറേഷൻ തൊഴിലാളികൾക്ക് മൂന്നാമത്തെ നോട്ടീസ് വെെകാതെ നൽകും. അവരെ വിശ്വാസത്തിലെടുത്തു മാത്രമാണ് മാർക്കറ്റ് മാറ്റുക. ഒരാളെയും വാശിയോടെ മാറ്റില്ല. വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ അവരുമായി സംസാരിച്ചു പരിഹരിക്കും. തൊഴിൽ പ്രശ്നമുണ്ടാകില്ല.
സി.പി മുസഫിർ അഹമ്മദ്, ഡെപ്യൂട്ടി മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |