പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം
കോഴിക്കോട്: പതിനഞ്ചു കൊല്ലം മുമ്പ് സംസ്ഥാനത്ത് 34,000 ബസ് സർവീസുകളുണ്ടായിരുന്നത് നഷ്ടത്തെ തുടർന്ന് ഏഴായിരമായി ചുരുങ്ങിയെന്ന് കേരള സ്റ്റേറ്റ് പ്രെെവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ പുതുക്കുമ്പോൾ ഓർഡിനറിയാക്കി മാറ്റി അവ കെ.എസ്.ആർ.ടി.സിക്ക് നൽകുകയാണ്. ദിവസം 14,000 രൂപ നഷ്ടമുണ്ടാക്കുകയാണ് കെ.എസ്.ആർ.ടി.സി. സർക്കാരിൻ്റെ തെറ്റായ നയത്തെ തുടർന്ന് സംസ്ഥാനത്ത് 34,000 സർവീസുണ്ടായിരുന്നത് ഏഴായിരമായി കുറഞ്ഞു. ദൂരപരിധി നോക്കാതെ നിലവിലുള്ള പെർമിറ്റുകൾ അതേപടി പുതുക്കണം.വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം. നിലവിൽ ടിക്കറ്റിൻ്റെ പത്ത് ശതമാനമാണ്. ഉടമയോ ജീവനക്കാരോ അറിയാതെ വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് ഏകപക്ഷീയമായി പിഴ ചുമത്തുന്നത് നിറുത്തണം. ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണം. നിസാര കാര്യങ്ങൾക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. പൊതുവായ ഗതാഗത നയം രൂപീകരിക്കണം. ചെലവ് വർദ്ധിക്കുന്നതിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിക്കാൻ റഗുലേറ്ററി കമ്മിഷനെ നിയമിക്കണം. ഡിറ്റക്ഷൻ സെൻസർ ക്യാമറ ഘടിപ്പിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമം 25ന്
ബസുടമകളുടെ ഉത്തരമേഖലാ പ്രതിഷേധ സംഗമവും പ്രകടനവും 25ന് വെെകിട്ട് നാലിന് കോഴിക്കോട്ട് നടക്കും. സ്റ്റേഡിയം പരിസരത്തു നിന്ന് തുടങ്ങുന്ന പ്രകടനം മുതലക്കുളം മെെതാനിയിൽ സമാപിക്കും. സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. പി.വി. ചന്ദ്രൻ, ഗോകുലം ഗോപാലൻ തുടങ്ങിയവർ പ്രസംഗിക്കും. ഏപ്രിലിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർവീസ് നിറുത്തിവയ്ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നൻ, കെ.ടി.വാസുദേവൻ, എം.പി. ഹരിദാസ്, ടി.കെ. ബീരാൻകോയ, കുഞ്ഞമ്മദ് വടകര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |