SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

സംരംഭകരാകാം, കൂട്ടിനുണ്ട് 'കെ-ടിക് ' ആദ്യഘട്ടത്തിൽ 50 പേർക്ക് അവസരം

fff
കുടുംബശ്രീ

കോഴിക്കോട്: പട്ടികവർഗ ജനവിഭാഗത്തിന്റെ സംരംഭകസ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ 'കെ–ടിക്‌' പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീ മിഷൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിൽ നിന്നും 50 പേർക്കാണ് ആദ്യഘട്ടത്തിൽ അവസരം ലഭിക്കുക.പട്ടികജാതി പട്ടികവർഗ വകുപ്പിനുകീഴിൽ രൂപീകരിച്ച കേരള എംപവർമെൻ്റ് സൊസൈറ്റി വഴിയാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തുക. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ജില്ലയുടെ വിവിധമേഖലകളിൽ സംരംഭകത്വ വികസന ക്യാമ്പുകൾ നടത്തിവരികയാണ്. ഇതുവരെ 30 ലധികം പേരെ തിരഞ്ഞെടുത്തു. തൊഴിലുറപ്പ് ജോലിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജില്ലയിൽ ബാലുശ്ശേരി, വടകര, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും. ഓരോരുത്തരുടെയും താത്പര്യങ്ങൾ കൂടി പരിഗണിച്ചാണ് സംരംഭങ്ങൾ ഏതെന്ന് തീരുമാനിക്കുക. പിന്നീട് ​ഇവയ്ക്കാ​വ​ശ്യ​മാ​യ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കും. ചെറുകിട സൂക്ഷ്മ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ ലഭ്യമാക്കി സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

800 പേർക്ക് അവസരം

സംസ്ഥാനത്താകെ 800 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുന്നത്. പാലക്കാട്‌, വയനാട്‌ ജില്ലകളിൽനിന്ന്‌ 100 പേരെയും മറ്റു ജില്ലകളിൽനിന്ന്‌ 50 പേരെയുമാണ്‌ തെരഞ്ഞെടുക്കുന്നത്. 18നും 35നും മധ്യേ ഉള്ളവർക്കാണ്‌ അവസരം. 35നും 45നും ഇടയിലുള്ള 10 ശതമാനംപേർക്കും അവസരം നൽകും. സംരംഭകത്വ പരിശീലനം നൽകാൻ വിദഗ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പരിശീലന കാലയളവിൽ സംരംഭങ്ങളുടെ പ്രവർത്തനം, വിപണനം എന്നിവയെക്കുറിച്ച് പഠിക്കാനായി ഫീൽഡ് വിസിറ്റും നടത്തും. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവരെയുൾപ്പെടെ, പദ്ധതിയിൽ പരിശീലനം നൽകാനായി ഇൻക്യുബേറ്റർമാരായി നിയമിച്ചിട്ടുണ്ട്. 2024 ഡിസംബറിലെ കണക്കനുസരിച്ച് സംരംഭങ്ങളിൽ സഹായവും നിർദേശവും നൽകാൻ 421 ആനിമേറ്റർമാരെയും സജ്ജമാക്കിയിട്ടുണ്ട്.

ഓരോ പ്രദേശത്തിനും അവിടുത്തെ വിപണിസാദ്ധ്യതയുമനുസരിച്ച് ലാഭകരമായ സംരംഭങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങളും പരിശീലനവും കുടുംബശ്രീ വഴി ലഭ്യമാക്കും. പദ്ധതിയിൽ അംഗങ്ങളായവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതിനായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനവും ആരംഭിച്ചു.

സംരംഭക ആശയങ്ങൾ

കര കൗശല വസ്തുക്കൾ

എംബ്രോയ്‌ഡറി

ഭക്ഷ്യ സംരംഭങ്ങൾ

കാർഷിക സംബന്ധമായ പദ്ധതികൾ

മാലിന്യ നിർമ്മാർജനം

താത്പ്പര്യത്തിന് അനുസരിച്ച് സംരംഭം

18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന.

35 വയസിന് മുകളിലുള്ളവർക്ക് 10 ശതമാനം അവസരം

സി.ഡി.എസ്, ആനിമേറ്റർമാർ എന്നിവർ മുഖേന പ്രചരണം

''പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സംരംഭക സ്വപ്നങ്ങൾ സഫലാമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷൻ്റെ പൂർണ സഹകരണം പദ്ധതിയിൽ അംഗമാകുന്നവർക്ക് ലഭിക്കും."

പി.സി കവിത ( കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL