കോഴിക്കോട്: വിധി സമ്മാനിച്ച നിശബ്ദതയുമായി പൊരുത്തപ്പെടാൻ അവർ തയ്യാറല്ലായിരുന്നു. വാക്കും ശബ്ദവുമില്ലാതെ ആംഗ്യത്തിന്റെ സ്‌നേഹഭാഷയിൽ അവർ ആടിപ്പാടി സ്നേഹം പങ്കുവെച്ചു. ഡഫ് വിമൺസ് ഫോറം 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച ശ്രവണ പരിമിതിരായ സ്ത്രീകളുടെ എക്സ്പോ ശ്രദ്ധേയമായി. കേരളത്തിലങ്ങോളമുള്ള കേൾവിപരിമിതരായ മുന്നൂറിലധികം സ്ത്രീകളാണ് പരിപാടിയുടെ ഭാഗമായത്. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡഫ് വുമൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറ സണ്ണി സെെബർ ക്രെം ആൻഡ് ഒൺലെെൻ സേഫ്റ്റി വിഷയത്തിൽ അവർ ക്ലാസെടുത്തു. തിരുവാതിര, പാചകമത്സരം, നാടകം, മെെലാഞ്ചി മത്സരം, ഓപ്പൺ ചർച്ചകൾ എന്നിവ അരങ്ങേറി. വനിതകൾ നിർമ്മിച്ച ഉത്പന്നങ്ങളായ സോപ്പ്, അച്ചാർ തുടങ്ങിയവയുടെ എക്സിബിഷനും നടന്നു.
വാക്കായി സാറയുണ്ട്
കേൾവി-സംസാര പരിമിതിയുള്ളവർക്ക് നീതിയുറപ്പിക്കാൻ അഭിഭാഷക സാറാ സണ്ണിയുണ്ട്. ഇന്ത്യയിൽ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറ സണ്ണി കോട്ടയം സ്വദേശിനിയാണ്. മൊഴി മാറ്റാൻ മറ്റൊരാളുടെ സഹായത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡിന് മുൻപിലാണ് സാറസണ്ണി തന്റെ ആദ്യത്തെ വാദം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരെ കോടതി പരിഗണിക്കുന്ന ചരിത്ര നിമിഷം കൂടിയായിരുന്നു അത്.
ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണി കുരുവിളയുടേയും ബെറ്റിയുടേയും ഇരട്ടപ്പെൺകുട്ടികളായ സാറയ്ക്കും മറിയയ്ക്കും മകൻ പ്രതീകിനും ജന്മനാ കേൾവി ശക്തിയുണ്ടായിരുന്നില്ല. പ്രതിസന്ധികളിൽ തളരാതെ മക്കളെ സാധാരണപോലെ ജീവിക്കാൻ അവർ പരിശീലിപ്പിച്ചു. ശ്രവണശക്തിയില്ലാത്തവർക്കു വേണ്ടിയുള്ള പ്രത്യേക സ്ഥാപനങ്ങളിൽ പോകാതെ സാധാരണ കുട്ടികൾക്കൊപ്പമായിരുന്നു സ്കൂൾ കാലഘട്ടം മുതൽ ബികോം വരെ സാറ പഠിച്ചത്. കേൾക്കാൻ കഴിയാത്തതിനാൽ പലയിടങ്ങളിലും മാറ്റിനിറുത്തപ്പെട്ടിട്ടുണ്ടെങ്കിലും തോൽക്കാൻ സാറ തയ്യാറായിരുന്നില്ല. പരിമിതിയുടെ പേരിൽ ഉൾവലിയാതെ സാറ മുന്നേറി. കേൾവിപരിമിതിയുള്ള പെൺകുട്ടി എങ്ങനെ ‘നോർമൽ’ സ്കൂളിൽ പഠിക്കുമെന്ന പലരുടെയും ചോദ്യത്തെ വകഞ്ഞു മാറ്റി സാറ വക്കീൽ കുപ്പായമണിഞ്ഞു. തുടക്കത്തിൽ കാര്യങ്ങൾ അത്ര പ്രതീക്ഷിച്ചത്ര എളുപ്പമല്ലായിരുന്നു. ചില കാര്യങ്ങൾ വാദത്തിനിടെ എഴുതിക്കാണിക്കേണ്ടി വന്നു. അപ്പോഴാണു ദ്വിഭാഷിയെ വച്ചു വാദിക്കുക എന്ന ചിന്തയിലേക്കെത്തിയത്. കേൾവിപരിമിതിയുള്ളവരെ സംരക്ഷിക്കാനും അവർക്ക് നീതി ഉറപ്പാക്കുകയുമാണ് സാറയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |