കോഴിക്കോട്: പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ കല്ലായിപ്പുഴ നവീകരണ പ്രവൃത്തി തുടങ്ങി. പുഴയിലെ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്നതിന് കോഴിക്കോട് കോർപ്പറേഷൻ നീക്കിവച്ച 12.98 കോടി ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് കോതി അഴിമുഖത്ത് പ്രവൃത്തി തുടങ്ങിയത്.
ഡ്രഡ്ജറിൽ ഹിറ്റാച്ചി ഉപയോഗിച്ച് കോരിയെടുക്കുന്ന ചെളിയും മാലിന്യങ്ങളും ബാർജറിൽ കയറ്റി കടലിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ തള്ളുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കോതി അഴിമുഖത്ത് നിന്ന് മാങ്കാവ് കടുപ്പിനിവരെ നാലര കിലോമീറ്റർ ദൂരത്തിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ പൂർത്തിയായാൽ നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലേയും മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
നഗരത്തിലൂടെ ഒഴുകുന്ന കല്ലായിപ്പുഴ മാലിന്യവും ചെളിയും, നിറഞ്ഞും സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും കാരണം പുഴ നശിപ്പിക്കുന്നതിനെതിരെ കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു. 2024 ഒക്ടോബർ 22ന് പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും ഇന്നലെയാണ് പണി തുടങ്ങിയത്. മേയർ ഡോ. ബിനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കല്ലായിപ്പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, കൗൺസിലർ എം. ബിജുലാൽ, എൻ.പി. നൗഷാദ്, പി.പി. ഉമ്മർകോയ, സി.പി. അബ്ദുറഹിമാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |