കോഴിക്കോട്: ഞങ്ങൾ പ്രതികരിക്കാത്തത് കൊണ്ടാണോ ഇത്രമാത്രം അവഗണിക്കുന്നത്. ഓഫീസിൽ കയറിയിറങ്ങി സമരം ചെയ്യാനുള്ള ആരോഗ്യം ഞങ്ങളിൽ പലർക്കുമില്ല. ആരോടും പറയാനും പറ്റുന്നില്ല ''- ഒരു വർഷത്തിലധികമായി ചികിത്സയ്ക്കുള്ള ധനസഹായം മുടങ്ങിയ
എച്ച്.ഐ.വി. ബാധിതനായ യുവാവിന്റെ വാക്കുകൾ പൊള്ളിക്കുന്നതാണ്. ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ് സെന്ററുകളിൽ (എ.ആർ.ടി.സി) രജിസ്റ്റർ ചെയ്ത് ചികിത്സയെടുക്കുന്നവർക്കും എച്ച്.ഐ.വി. അണുബാധിതർക്കും പ്രതിമാസം സർക്കാർ നൽകിയിരുന്ന ആയിരം രൂപ പെൻഷൻ കഴിഞ്ഞ 13 മാസമായി മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്ത് പെൻഷൻ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ച 10428 രോഗബാധിതരാണ് ഇതോടെ പ്രതിസന്ധിയിലായത്. ജില്ലയിലെ 2360 പേർ രോഗികളായുണ്ട്. ഇവരിൽ പലരും ചികിത്സാധനത്തിന് അപക്ഷിച്ചിട്ടുണ്ട്. 2024 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള പണമാണ് കുടിശ്ശികയായുള്ളത്. 2023 ഡിസംബറിലാണ് ഇവർക്ക് അവസാനം പെൻഷൻ ലഭിച്ചത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗികൾ കൂടുതലും. പ്രതിരോധശേഷി കുറഞ്ഞ് മറ്റു ജോലികൾ ചെയ്യാൻ സാധിക്കാത്ത രോഗികളുടെ തുച്ഛമായ പെൻഷൻ വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും രോഗികൾ പറയുന്നു.
വിതരണം കൃതൃമല്ല
2012 മുതലാണ് എയ്ഡ്‌സ് രോഗികൾക്ക് പെൻഷൻ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ യാത്രാബത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉൾപ്പെടെ 520 രൂപയായിരുന്നു. പിന്നീടത് ആയിരം രൂപയാക്കിയെങ്കിലും വിതരണം പലപ്പോഴും കൃത്യമായിരുന്നില്ലെന്ന് രോഗികൾ പറയുന്നു. ഓരോ സാമ്പത്തിക വർഷവും സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് തുക വിതരണം ചെയ്തിരുന്നത്. 2023 മുതൽ 2025 വരെയുള്ള തുക അനുവദിക്കാൻ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെ.എസ്.എ.സി.എസ്.) സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകിയെങ്കിലും നാല് കോടി മാത്രമാണ് അനുവദിച്ചത്. അത് 2023 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കുടിശ്ശിക കൊടുത്ത് തീർക്കാൻ മാത്രമാണ് തികഞ്ഞതെന്നും ബാക്കി തുക അനുവദിക്കാൻ പ്രപ്പോസൽ നൽകിയെന്നും അധികൃതർ വ്യക്തമാക്കി.
മറ്റ് ആനുകൂല്യങ്ങളുമില്ല
എയ്ഡ്സ് രോഗികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പല സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇവർക്ക് പലപ്പോഴും ലഭിക്കാറില്ല. ജില്ലാ പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിരുന്ന പോഷകാഹാര വിതരണ പദ്ധതിയും കഴിഞ്ഞ രണ്ടുമാസമായി നിലച്ച മട്ടാണ്. അണുബാധിതരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല. മാത്രമല്ല അനുബന്ധ രോഗങ്ങൾക്കുള്ള മെഡിസിനും ലഭ്യമല്ലാത്ത സ്ഥിതിയാണ്.
പെൻഷൻ തുക- 1000
മുടങ്ങിയത് -13 മാസം
സംസ്ഥാനത്ത് ചികിത്സാധനത്തിന് അപേക്ഷിച്ചവർ-10428
സംസ്ഥാനത്തെ എ.ആർ.ടി.സി കേന്ദ്രങ്ങൾ-15
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |