ആശ വർക്കർമാരുടെ സമരം തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ പെട്ട് അദ്ധ്വാനത്തിന് തക്ക പ്രതിഫലം കിട്ടാതെ വലയുന്ന ആശാ വർക്കർമാരുടെ ദുരിതത്തെപ്പറ്റി ഒരന്വേഷണം 'ആശയറ്റ് ആശമാർ' ഇന്നു മുതൽ
ഓണറേറിയം വണ്ടിക്കൂലിക്കു പോലും തികയുമോ സാർ..
'പതിനേഴ് വർഷമായി ജോലി ചെയ്യുന്നു. ഇപ്പോൾ ഓണറേറിയം ഇപ്പോൾ 7,000. അഞ്ഞൂറിലധികം വീടുകളിലെത്തി സേവനം നടത്തണം. വണ്ടിക്കൂലിക്കു പോലും തികയുമോ സാർ...' ചോദിക്കുന്നത് കൊയിലാണ്ടിയിലെ ആശാ വർക്കർ സുമതി (യഥാർത്ഥ പേരല്ല). ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്താൽ മതിയെന്നാണ് ആദ്യം പറഞ്ഞത്. ക്രമേണ ഉത്തരവാദിത്വങ്ങൾ കൂടിവന്നു. ഇപ്പോൾ ഒഴിവുസമയമില്ലാത്ത സ്ഥിതിയാണ്. നാട്ടിൽ പനിയോ മഞ്ഞപ്പിത്തമോ പടർന്നുപിടിച്ചാൽ വീട്ടിൽ കിടന്നുറങ്ങാൻ നേരമുണ്ടാകില്ല. റിപ്പോർട്ടുകൾ തയ്യാറാക്കാൻ രാത്രിയും ജോലിയെടുക്കണം. നിസാര കാശിന് പെടാപ്പാട് പെട്ടിട്ടും ഫലമില്ല. ഇത് സുമതിയുടെ മാത്രമല്ല, രാജ്യത്തെ ഭൂരിഭാഗം ആശമാരുടെയും അനുഭവം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന ഓണറേറിയവും ഇൻസെന്റീവുമുൾപ്പെടെ പരമാവധി 10,000 രൂപയിൽ താഴെയാണ് ലഭിക്കുകയെന്ന് ആശാ വർക്കർമാർ പറയുന്നു. പതിമൂവായിരത്തിലധികം കിട്ടുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇൻസെന്റീവ് കൂടുതൽ കിട്ടുന്ന ചിലർക്കേ അതുണ്ടാകൂ എന്ന് ആശമാർ പറയുന്നു. പോകുന്ന ചില വീടുകളിൽ നിന്ന് വെള്ളമോ ശീതളപാനീയമോ കിട്ടിയാൽ അതുകൊണ്ട് വിശപ്പടക്കുന്ന ആശമാരുമുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഭൂരിഭാഗവും. ഗർഭിണികളെയും കുട്ടികളെയും കുത്തിവെപ്പിനെത്തിക്കേണ്ടത് ആശമാരാണ്.
വീട്ടിലെത്തിക്കണം മരുന്നുകൾ
ഒരു കുത്തിവയ്പിന് 20 രൂപയാണ് കിട്ടുക. ഗർഭിണികളെ, 84 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ 300 രൂപ ലഭിക്കും. ഗർഭിണിയുടെ ഉയരം, തൂക്കം, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരം നൽകണം. ഇവർക്കുള്ള അയേൺ ഗുളിക, ഫോളിക് ആസിഡ് തുടങ്ങിയ മരന്നുകളുമെത്തിക്കണം. കുത്തിവയ്പും തുടർ പരിശോധനയും ക്രമമായി നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും ആശമാരാണ്. ഗർഭിണികൾ ഗവ. ആശുപത്രിയിൽ പ്രസവിക്കുകയാണെങ്കിൽ ആശമാർക്ക് 300 രൂപ ഇൻസൻ്റീവുണ്ട്. എന്നാലിന്ന് ഗവ. ആശുപത്രിയെ ആശ്രയിക്കുന്നവർ പാവപ്പെട്ടവർ മാത്രമാണ്. സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിലെത്തും. അതുകൊണ്ട് ആ ഇൻസെന്റീവ് കുറയും. ഫിക്സഡ് ഇൻസെന്റീവ് 1,000 രൂപ വർദ്ധിപ്പിച്ചത് കിട്ടിത്തുടങ്ങിയില്ലെന്ന് ആശമാർ പറയുന്നു.
ഗർഭിണികളുടെ ക്ളിനിക്കിനും ആശമാർ
തങ്ങളുടെ വാർഡിൽ ഗർഭിണികളുടെ ക്ലിനിക്ക് വിളിച്ചുചേർക്കണം. ഇതിനെത്തുന്നവർക്ക് അവിടെ വച്ച് മരുന്ന് നൽകാമെങ്കിലും പലരുമെത്തില്ല. വരാത്തവർക്ക് മരുന്ന് വീട്ടിലെത്തിക്കണം. മന്ത്, മലമ്പനി, വിരഗുളിക തുടങ്ങിയവയുടെ വിതരണച്ചുമതലയും ആശമാർക്കാണ്. വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിൽ ക്ഷയമുണ്ടെന്ന് സംശയം തോന്നുന്നവരുടെ കഫം ശേഖരിച്ച് പരിശോധനയ്ക്ക് എത്തിക്കണം. ഇതിനുള്ള പാത്രം എത്തിച്ചുകൊടുക്കണം. രണ്ടു തവണയെങ്കിലും ഇതിനായി പോകേണ്ടിവരും.
നാളെ: ആപ്പായി മാറിയ 'ശെെലി'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |