കോഴിക്കോട്: ഓണം, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷസമയത്തും റെക്കോർഡ് വിൽപനയാണ് ഖാദി ബോർഡിൽ നടക്കുന്നത്. എന്നാൽ ബോർഡിന്റെ കീഴിൽ തൊഴിലെടുക്കുന്ന പതിനായിരത്തോളം വരുന്ന സ്ത്രീ തൊഴിലാളികൾക്ക് പറയാനുള്ളത് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പെടാപ്പാടിന്റെ കഥയും. ജില്ലയിൽ കേരള ഖാദി വ്യവസായ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നത് 56 കേന്ദ്രങ്ങളാണ്. 800 ഓളം സ്ത്രീ തൊഴിലാളികളാണ് ഖാദി ബോർഡിന് കീഴിൽ തൊഴിലെടുക്കുന്നത്. സർവോദയ സംഘം, ഹാൻടെക്സ് എന്നിവയ്ക്ക് കീഴിലും തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. വിപണനമേളകളിലൂടെ ലഭിക്കുന്ന ലാഭം മുഴുവനും ബോർഡിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ മാത്രമേ തികയൂ എന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇൻസെന്റീവും ക്ഷാമബത്തയും ലഭിച്ചിട്ട് ഏഴ് മാസം
ഉത്പാദനത്തിന് ആനുപാതികമായി നൽകുന്ന ഇൻസെന്റീവ് ലഭിച്ചിക്കാതായിട്ട് ഏഴ് മാസമായി. കഴിഞ്ഞ ഓണക്കാലത്ത് തൊഴിലാളി സമരത്തെതുടർന്നാണ് അതുവരെയുള്ള ഇൻസെന്റീവ് കുടിശിക ലഭിച്ചത്. ഓരോ തൊഴിലാളിക്കും ശരാശരി 50,000 രൂപ വരെ ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്. നിലവിൽ ഒരു തൊഴിലാളിക്ക് മാസം പരമാവധി ലഭിക്കുന്നത് 3000 രൂപയാണ്. ക്ഷാമബത്തയും സമയത്ത് ലഭിക്കുന്നില്ല. മതിയായ വേതനം ലഭിക്കാത്തതിനാൽ പുതിയ തൊഴിലാളികളും മേഖലയിലേക്ക് വരുന്നില്ല. പലരും ഈ തൊഴിലുപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടി പോയി.
ഖാദി കേന്ദ്രത്തിൽ എട്ട് മണിക്കൂർ നെയ്ത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ പിറ്റേ ദിവസത്തേക്കുള്ള നൂൽ നൂൽക്കാൻ വീട്ടിൽ ആറു മണിക്കൂറോളം ജോലി ചെയ്യേണ്ടതുണ്ട്. ഖാദി ബോർഡിന് കീഴിലെ തൊഴിലാളികൾ യന്ത്രമുപയോഗിക്കാതെ കൈകൊണ്ടു തന്നെ യന്ത്രം പ്രവർത്തിപ്പിക്കണം എന്നുള്ള ചട്ടം വന്നതോടെ ജോലിഭാരം ഇരട്ടിയായെന്നും തൊഴിലാളികൾ പറയുന്നു. ഇതോടെ ഉത്പാദനവും വരുമാനവും കുറഞ്ഞു. വലിയ ശാരീരിക അധ്വാനവും നെെപുണിയും വേണ്ടതാണ് നെയ്തു ജോലിയും. ഒരു ദിവസം പരമാവധി ഒന്നര മുണ്ടാണ് നെയ്യാൻ സാധിക്കുക. ഒരു മുണ്ടിന് 130 രൂപയോളമാണ് കൂലിയിനത്തിൽ ലഭിക്കുന്നത്.
''എത്രകാലം ഈ ജോലി ചെയ്ത് മുന്നോട്ട് പോകാനാവും എന്നറിയില്ല. സമരം ചെയ്യുമ്പോൾ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. കൂടെയുണ്ടായിരുന്ന പലരും കൂലി കൃത്യമായി ലഭിക്കാത്തതിനാൽ തൊഴിലുറപ്പ് പണിക്ക് പോവുകയാണ്.
അജിത ( ഖാദി തൊഴിലാളി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |