ആരോഗ്യ സർവേയുടെ ഭാഗമായി പ്രമേഹം, രക്തസമ്മർദ്ദം ഉൾപ്പെടെ ജീവിതശെെലി രോഗങ്ങൾ രേഖപ്പെടുത്തേണ്ടത് ആശ വർക്കർമാരാണ്. മൊബെെൽ ഫോണിലൂടെ പ്രത്യേക ആപ് 'ശെെലി' ഉപയോഗിച്ചാണ് ചെയ്യേണ്ടത്. 50 വയസിലധികമുള്ളവരാണ് പല ആശമാരും. ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്തവരും ഉപയോഗിക്കാനറിയാത്തവരും ഇവരിലുണ്ട്. മക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയാണ് ഇവരിൽ പലരും ആപിൽ വിവരങ്ങൾ ചേർക്കുന്നത്. ക്യാൻസർ, കുഷ്ഠരോഗം തുടങ്ങിയവയും രേഖപ്പെടുത്തണം.
ഒരു വീട്ടിലെത്തിയാൽ എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ ചേർക്കാൻ ചുരുങ്ങിയത് അര മണിക്കൂറോളം ചെലവിടണം. നെറ്റ് വർക്ക് കുറഞ്ഞ സ്ഥലത്താണെങ്കിൽ കൂടുതൽ സമയമെടുക്കും. വിവരങ്ങൾ ചേർക്കുന്നതിനിടെ ഫോൺ വരികയോ മറ്റോ ചെയ്താൽ കട്ടാകും. ഒ.ടി.പിയെത്തുന്ന ഫോൺ നമ്പറുള്ളയാൾ ചിലപ്പോൾ വീട്ടിലുണ്ടായെന്നു വരില്ല. അവരെ വിളിച്ച് നമ്പർ ചോദിക്കണം. വിളിച്ചു കിട്ടാതിരുന്നാലും പ്രശ്നം തന്നെ. ചിലർ ദൂരെ ജോലിസ്ഥലത്താകും.
ശെെലി ആപ് ഉപയോഗിക്കാൻ സ്വന്തമായി ഫോൺ അനുവദിക്കണമെന്ന് ആശ വർക്കർമാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. 200 രൂപ ഫോൺ അലവൻസ് കിട്ടുന്നുണ്ട്. ഈ തുകയ്ക്കുള്ള ഇൻ്റർനെറ്റ് പാക്കേജിന് വേഗത കുറവായിരിക്കും. നല്ല പാക്കേജിനുള്ള തുക സ്വയം വഹിക്കണം. ശെെലി ആപിൽ ആദ്യം മുപ്പതിൽ താഴെ വിവരങ്ങൾ മാത്രമേ ചേർക്കാനുണ്ടായിരുന്നുള്ളൂ. പിന്നീടിത് അറുപതിലധികമായി.
വിനയായി പ്രതികാരബുദ്ധിയും
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് (ജെ.പി.എച്ച്.എൻ) ആശമാരുടെ പ്രവർത്തനറിപ്പോർട്ട് സോഫ്ട് വെയറിൽ അപ് ലോഡ് ചെയ്യുക. അവരിൽ ചിലർ തങ്ങളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്ന് ആശമാർ പരാതിപ്പെടുന്നു. നിസാര കാര്യങ്ങളുടെ പേരിലാണിത്. അത്തരക്കാർ ഫോൺ അലവൻസ് പോലുള്ളവ നൽകാറില്ല. ഇവർ അയക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇൻസൻ്റീവ് ലഭിക്കുക. നന്നായി സഹകരിക്കുന്ന ജെ.പി.എച്ച്.എൻമാരുമുണ്ട്. പ്രതിമാസ യോഗം, റിവ്യൂ മീറ്റിംഗ് എന്നിവയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഇല്ലെങ്കിൽ 7000 രൂപ ഓണറേറിയത്തിൽ നിന്ന് ഓരോന്നിനും 700 രൂപ നഷ്ടപ്പെടും. മറ്റ് കർത്തവ്യങ്ങളിൽ വീഴ്ച വരുത്തിയാലും 'കട്ട്.'
സംസ്ഥാനത്ത് ആശ വർക്കർമാർ - 26125, പ്രതിമാസ ഓണറേറിയം - 7,000, ഫിക്സഡ് ഇൻസൻ്റീവ് - 2,000
ചില ഇൻസൻ്റീവുകൾ
ഒരു ഗർഭിണിയെ രജിസ്റ്റർ ചെയ്യൽ - ഗ്രാമം - 300, നഗരം - 200
ഒന്നര മാസത്തെ നവജാതശിശു പരിചരണം (ഒരു കുട്ടിക്ക്) - 250
ഭവന കേന്ദ്രീകൃത ശിശുപരിപാലനം (ഒരു കുട്ടിക്ക്) - 50
മുലയൂട്ടുന്ന അമ്മ - കുഞ്ഞ് യോഗം വിളിക്കൽ (3 മാസത്തിലൊരിക്കൽ) - 100
ദേശീയ വിരവിമുക്ത പരിപാടി(വർഷത്തിൽ രണ്ടുതവണ) - 100
കുട്ടികളുടെ വീട്ടിൽ ഒ.ആർ.എസ് വിതരണം (വർഷത്തിലൊരിക്കൽ) - 100
കുട്ടികൾക്ക് അയേൺ സിറപ്പ് എത്തിക്കൽ (മാസത്തിലൊരിക്കൽ) 100
പ്രതിരോധ കുത്തിവയ്പ്പുകൾ(ഒരു കുട്ടിക്ക്) - 20
നാളെ: കണക്കിലുണ്ട്, കെെയിലില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |