കോഴിക്കോട്: ഉപയോഗശൂന്യമായ, പഴകിയ മരുന്നുകൾ ഇനി വലിച്ചെറിയരുത്. അവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമൂവൽ ഒഫ് അൺയൂസ്ഡ് ഡ്രഗ്സ്) പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. ആദ്യഘട്ടമായി കോഴിക്കോട് കോർപ്പറേഷനിലും ഉള്ളിയേരി പഞ്ചായത്തിലുമാണ് ആരംഭിച്ചത്. ഡ്രഗ്സ് കൺട്രോൾ വകുപ്പാണ് നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു പദ്ധതി. മണ്ണും ജലാശയവും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഹരിതകർമ്മ സേന വീടുകളിലെത്തി മരുന്ന് ശേഖരിക്കും. സേനയ്ക്ക് ഒരു വീടിന് അഞ്ച് രൂപ വീതം നൽകും. പദ്ധതി ഉടൻ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും. അലോപ്പതി, ആയുർവേദ, യുനാനി അടക്കമുള്ള മരുന്നുകൾ ശേഖരിക്കും. ഖര, ദ്രാവക രൂപത്തിലുള്ളവ വേർതിരിക്കും. കൊച്ചിയിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തിച്ച് (കീൽ) ശാസ്ത്രീയമായി നശിപ്പിക്കും.
ആന്റിബയോട്ടിക്കുകൾ മണ്ണിലും വെള്ളത്തിലുമുള്ള നല്ല അണുക്കളെ നശിപ്പിക്കും. അണുക്കളുടെ പ്രതിരോധശേഷി കൂടുന്നതും ഭീഷണിയാണ്. ഈ അവസ്ഥ (ആന്റി മെെക്രോബിയൽ പ്രതിരോധം - എ.എം.ആർ) ഒഴിവാക്കേണ്ടത് അനിവാര്യം
കളക്ഷൻ സെന്ററുകളും
മൊത്ത, ചില്ലറ വില്പനക്കാരിൽ നിന്ന് 500 കിലോയിലധികമുള്ള പഴകിയ മരുന്നുകൾ
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ജീവനക്കാർ ശേഖരിക്കും
മെഡിക്കൽ സ്റ്റോറുകളിൽ താത്കാലിക കളക്ഷൻ സെന്ററുകൾ തുടങ്ങും.
ഇവിടെ ആർക്കും മരുന്നെത്തിക്കാം
കോഴിക്കോട് കോർപ്പറേഷനിലെ ഒന്നരലക്ഷത്തോളം വീടുകളിൽ ഹരിതകർമ്മ സേനകളെത്തി മരുന്ന് ശേഖരിക്കും.
- ഷാജി എം. വർഗീസ്
അസി. ഡ്രഗ്സ് കൺട്രോളർ, കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |