SignIn
Kerala Kaumudi Online
Friday, 23 October 2026 4.49 AM IST

പ്രാഥമിക സൗകര്യം പോലും പരിമിതം നിറഞ്ഞ് ജയിലുകൾ; ഞെരുങ്ങി തടവുകാർ

jail
ജയിലുകൾ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പ്രാഥമിക സൗകര്യം പോലുമില്ലാത്തതിനാൽ തടവുകാർ ദുരിതത്തിൽ. വേണ്ടത്ര ടോയ് ലറ്റുകളും വെള്ളവുമില്ലാതെ ദുർഗന്ധപൂരിതമാണ് പല സെല്ലുകളും. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള സ്ഥിതിയിൽ ഇപ്പോഴും മാറ്റമില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ആരോപിച്ചു. എല്ലാവരും കൊടുംകുറ്റവാളികളല്ല. അവകാശ പോരാട്ടത്തിന്റെ ഭാഗമായി റിമാൻഡ് ചെയ്യപ്പെട്ടവരും കൂട്ടത്തിലുണ്ട്. ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം തടവുകാർ സെൻട്രൽ, ജില്ലാ, സബ് ജയിലുകളിലുണ്ട്. 195 പേരെ പാർപ്പിക്കാൻ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിൽ ഇപ്പോഴുള്ളതാകട്ടെ 300ലധികം പേർ. 25 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന സബ് ജയിലിൽ ഉള്ളത് 75 ലധികം പേർ.

ഒരാൾക്കുള്ള സെല്ലുകളിൽ അഞ്ചും ആറും പേരുണ്ട്. എട്ടോ ഒമ്പതോ തടവുകാർക്കുള്ള സെല്ലുകളിൽ 20-25 പേരാണുള്ളത്. ചൂട് തുടങ്ങിയതോടെ പ്രാഥമിക കൃത്യ നിർവഹണത്തിന് വെള്ളമില്ല. വരി നിന്ന് ചോർച്ചയുള്ള ബക്കറ്റുമായി ടോയ് ലറ്റുകളിലെത്തുമ്പോഴേക്കും വെള്ളം ഭൂരിഭാഗവും ചോർന്നിട്ടുണ്ടാകും. കുളിക്കാനുള്ള വെള്ളവും അപര്യാപ്തമാണ്. പലരും കുളിക്കാറില്ല. മുറിഞ്ഞ പുൽപ്പായ കഷ്ണങ്ങൾ ചേർത്തുവച്ചു വേണം കിടക്കാൻ. വിചാരണത്തടവുകാരായി വർഷങ്ങളായി കഴിയുന്നവരുണ്ട്. സബ് ജയിലുകൾ നിറയുമ്പോൾ ജില്ലാ ജയിലിലേക്ക് തടവുകാരെ എത്തിക്കും. എന്നാൽ സൗകര്യം കൂട്ടുന്നില്ല.

ആരോഗ്യത്തിന് ഭീഷണി

സെല്ലുകളിൽ മൂത്രമൊഴിക്കാനുള്ള സൗകര്യമുണ്ടെങ്കിലും വേണ്ടത്ര വെള്ളമില്ല. വെെകിട്ട് സെല്ലുകളടച്ചാൽ പിറ്റേന്ന് രാവിലെയേ തുറക്കൂ. ടോയ് ലറ്റുകൾക്കു മുന്നിലെ വരി കൂടാനുള്ള ഒരു കാരണമിതാണ്. ഓരോ അന്തേവാസിക്കും ലഭ്യമാകേണ്ട പുൽപ്പായ, ഗ്ലാസ്, പ്ലേറ്റ് എന്നിവ പോലുമില്ല. വൃത്തിഹീനമായ അന്തരീക്ഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. തടവുകാർക്ക് ബി.എസ്.എൻ.എൽ ഫോൺ നമ്പറുകളിലേക്ക് മാത്രമേ വിളിക്കാനാകൂ. ഇതേത്തുടർന്ന് വീട്ടിലേക്കോ അഭിഭാഷകനേയോ ബന്ധപ്പെടാനാകുന്നില്ല. വാർത്താ സമ്മേളനത്തിൽ കെ.എൻ. അനിൽകുമാർ, ഉമേഷ് അരങ്ങിൽ എന്നിവരും പങ്കെടുത്തു.

പ്രശ്ന പരിഹാരം തേടി സർക്കാരിന് നിവേദനം നൽകും. പ്രക്ഷോഭം പാർട്ടിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

കെ.ലോഹ്യ, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL