SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

കെട്ടിടങ്ങളിലെ മലിനജലം പൊതു ഓവുചാലിൽ ഒഴുക്കാൻ നീക്കം, ആരോഗ്യ വകുപ്പ് തടഞ്ഞു

2
പടം: കല്ലാച്ചി ടൗണിൽ പുതുതായി നിർമ്മിക്കുന്ന ഓടയിലേക്ക് സൂപ്പർ മാർക്കറ്റിൽ നിന്നുള്ള പൈപ്പ് സ്ഥാപിക്കാനായി കോൺക്രീറ്റ് കട്ട് ചെയ്ത ഭാഗം

നാദാപുരം: ടൗൺ നവീകരണ പ്രവൃത്തി നടക്കുന്ന കല്ലാച്ചിയിൽ കെട്ടിടങ്ങളിലെ മലിനജലം ടൗണിലെ പൊതുഓവുചാലിലേക്ക് ഒഴുക്കി വിടാനുള്ള നീക്കം ആരോഗ്യവകുപ്പ് തടഞ്ഞു. ജലജന്യ രോഗങ്ങളും സാംക്രമിക രോഗങ്ങളും പടരുന്നതിനിടെയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങളിലെ മലിനജലം ടൗണിലെ പൊതുഓവുചാലിലേക്ക് ഒഴുക്കി വിടാൻ നീക്കമുണ്ടായത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് കല്ലാച്ചി ടൗൺ വികസന പ്രവൃത്തി നടന്നുവരികയാണ്. സംസ്ഥാന പാതയുടെ ഭാഗമായ കല്ലാച്ചി ടൗൺ റോഡ് വീതി കൂട്ടി അഴുക്കുചാലുകൾ പണിയാനും ടാറിംഗ് നടത്താനുമാണ് ലക്ഷ്യമിടുന്നത്. നിലവിലെ പല കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ പൊളിച്ചു മാറ്റിയാണ് ടൗണിന്റെ ഓരോ വശത്തു നിന്നും ഒന്നര മീറ്റർ വീതിയിൽ റോഡ് വികസിപ്പിച്ച് ഓട നിർമ്മിക്കുന്നത്. ഇങ്ങനെ പുതുതായി നിർമ്മിക്കുന്ന ഓടയിലേക്കാണ് കെട്ടിടങ്ങളിലെ മലിനജലകുഴൽ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ മാലിന്യം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട കൂൾബാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചിരുന്നു. കല്ലാച്ചി ടൗണിലെ സൂപ്പർ മാർക്കറ്റിനകത്ത് നിന്നുള്ള മലിനജലം ഒഴുക്കിവിടാനായി പൈപ്പ് സ്ഥാപിക്കാൻ ഓടയുടെ വശത്തുള്ള കോൺക്രീറ്റ് കട്ട് ചെയ്തു കൊടുത്തത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയോടെയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ രഹസ്യ നീക്കം പൊളിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കെട്ടിടത്തിൽ നിന്നുള്ള പൈപ്പുകൾ പൊതു ഓവുചാലിലേക്ക് സ്ഥാപിക്കുന്നത് തടയുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL