കോഴിക്കോട് : പ്രഖ്യാപനത്തിന് പിന്നാലെ ടെൻഡർ ക്ഷണിക്കൽ പൂർത്തിയായെങ്കിലും ആറുവർഷം പിന്നിട്ടിട്ടും കിഡ്സൺ കോർണറിലെ പാർക്കിംഗ് പ്ലാസ ഇപ്പോഴും സാങ്കേതിക കുരുക്കിൽ. 30 കോടി മുതൽമുടക്കി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച പാർക്കിംഗ് പ്ലാസ ഫയലാണ് സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടാതെ പൊടിപിടിക്കുന്നത്. കെട്ടിട നിർമാണത്തിനാവശ്യമായ ചില സാങ്കേതിക അനുമതികൾ ലഭിക്കാത്തതുമൂലമാണ് പാർക്കിംഗ് പ്ലാസ നിർമ്മാ ണം വൈകുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. സത്രം കെട്ടിടം നിന്ന 22.7 സെന്റ് സ്ഥലത്ത് 320 കാറും 184 ബൈക്കും നിർത്തിയിടാൻ കഴിയുംവിധമാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനിക്കാണ് നിർമാണ
ചുമതല നൽകിയത്. 2019ലാണ് ടെൻഡർ ക്ഷണിച്ചത്. കരാറെടുത്ത കമ്പനിക്കെതിരെ സാമ്പത്തിക ക്രമക്കേടിനുൾപ്പെടെ കേസുകളുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
- പാർക്കിംഗ് പ്രശ്നം രൂക്ഷം
മിഠായിത്തെരുവിലെ വാഹന ഗതാഗതം നിരോധിച്ചതോടെയാണ് കിഡ്സൺ കോർണറിലും വൈക്കം മുഹമ്മദ് ബഷീർ റോഡിലും പാർക്കിംഗ് വ്യാപകമായത്. ഗതാഗതം നിരോധിച്ചപ്പോൾ പാർക്കിംഗ് പ്ലാസ ഉടൻ നിർമ്മിക്കുമെന്ന് വ്യാപാരികൾക്ക് കോർപ്പറേഷൻ ഉറപ്പ് നൽകിയിരുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഒരിഞ്ച് സ്ഥലമില്ലാത്ത സ്ഥിതിയാണ്. കോംട്രസ്റ്റിന് മുന്നിലെ പാർക്കിംഗ് ഇതുവഴി കടന്ന് പോകുന്ന വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. സത്രം കെട്ടിടം പൊളിച്ചുമാറ്റിയതോടെ അവിടെ ഉണ്ടായിരുന്ന വ്യാപാരികൾക്ക് താത്കാലിക കെട്ടിടം നിർമ്മിച്ചു നൽകിയത് കോംട്രസ്റ്റിന് സമീപത്തെ പാർക്കിംഗ് സ്ഥലത്താണ്. നഗരത്തിൽ
മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ്, ബീച്ച് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സംവിധാനമില്ല.
സാങ്കേതിക അനുമതിയാണ് പ്രശ്‌നം. അനുമതി ലഭിച്ചാൽ ഉടൻ നിർമാണം നടത്തും. എല്ലാ ഒരുക്കങ്ങളും കോർപ്പറേഷൻ പൂർത്തിയാക്കിയിട്ടുണ്ട് '.പി.സി രാജൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.
'' പാർക്കിംഗ് പ്ലാസയുടെ കരാറേറ്റെടുത്ത നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനിക്കെതിരെ പരാതികളുണ്ടെന്ന് പലതവണ കൗൺസിലിൽ അറിയിച്ചിട്ടുണ്ട്. ഈ കരാറുകാരുമായി മുന്നോട്ട് പോയാൽ പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിക്കാൻ സാദ്ധ്യതയില്ല. തിരക്ക് രൂക്ഷമായ നഗരത്തിൽ ജനങ്ങളെ വലയ്ക്കുന്ന സമീപനമാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്.
- കെ.സി ശോഭിത, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |