കോഴിക്കോട് : സർവകലാശാല വൈസ് ചാൻസലർ നിയമനാധികാരം പൂർണമായും ചാൻസലർക്ക് നൽകുന്ന യു.ജി.സി കരട് ഭേദഗതിക്കെതിരെ എസ്.എഫ്.ഐ നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജ്യത്തിന്റെ ഫെഡറൽ നിയമങ്ങൾ അട്ടിമറിക്കുന്ന യു.ജി.സി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യുവജനങ്ങളുടെ തലച്ചോറുകൾ വിലക്കുവാങ്ങിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അനുശ്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തെ തെറ്റായി ചിത്രീകരിച്ച് പാഠപുസ്തകങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സർവകലാശാലകളിൽ വി.സി മാരെ നിർണായിക്കാനുള്ള പരമാധികാരം ചാൻസലർക്ക് നൽകുന്ന കരട് ചട്ടം, വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അനുശ്രി പറഞ്ഞു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി. പി അമൽ രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദന, മുഹമ്മദ് ഫർഹാൻ. നിഹാൽ, സരോദ്, ഹിബ ജില്ലാ കമ്മിറ്റി അംഗമായ സ്വരാഗ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |