കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി ഇന്ന് മുതൽ 29 വരെ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 8.45ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധി റോഡ് മാർഗം വയനാട്ടിലെത്തും. രാവിലെ പത്തരയ്ക്ക് പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര സന്ദർശനത്തോടെയാണ് പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് 10.50ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ അങ്ങാടിശ്ശേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനവും അതിരാറ്റുകുന്ന് ജലസേചന പദ്ധതി, ഇരുത്തിലോട്ടുകുന്ന് ചെക്കുഡാം തുടങ്ങിയവയുടെ ഉദ്ഘാടനവും നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വനിതാസംഗമവും 2.30ന് മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂളിൽ നടപ്പിലാക്കുന്ന വൺ സ്‌കൂൾ വൺ ഗെയിം പദ്ധതി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നുമണിക്ക് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ഉരുൾ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് അഞ്ചേകാലോടെ മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലേക്ക് പോകും. 28ന് രാവിലെ 9.30ന് തലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. 10.45ന് എടവക ഗ്രാമപഞ്ചായത്തിലെ വീര ജവാൻ തലച്ചിറ ജനീഷ് സ്മൃതിമണ്ഡപം ഉദ്ഘാടനവും ഉച്ചയ്ക്ക് ഒരു മണിക്ക് വടക്കനാട് അമ്പത് ഏക്കർ കാട്ടുനായ്ക്ക ഉന്നതിയിലെ കൾച്ചറൽ സെന്റർ ഉദ്ഘാടനവും നിർവഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയുടെ കൺവെൻഷനും മുക്കം മണാശേരി എം .എ .എം .ഒ കോളേജിന്റെ പുതിയ ഗ്രൗണ്ടും എം പി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 9.30ന് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ പങ്കെടുത്ത ശേഷം 12.30ന് അഡ്വ. ടി സിദ്ധിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ഉരുൾദുരന്തം അതീജിവിച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നരക്ക് വണ്ടൂർ കെ ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന 29 വീടുകളുടെ താക്കോൽദാനവും ഭിന്നശേഷിക്കാർക്കുള്ള ഏഴ് സ്‌കൂട്ടറുകളുടെ വിതരണവും പ്രിയങ്ക നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |