കോഴിക്കോട്: കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ സ്ഥിരമായി വെെകിയോടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരം, ബംഗളുരു, കാസർകോട്, മൂകാംബിക തുടങ്ങിയ ദീർഘദൂര സർവീസുകളാണ് വെെകിയോടൽ പതിവാക്കിയിരിക്കുന്നത്. രാത്രികാലത്താണ് യാത്രാക്ലേശം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി 12.30ന് കോഴിക്കോട് എത്തേണ്ടിയിരുന്ന മൂകാംബിക ബസ് പുലർച്ചെ മൂന്ന് മണിക്കാണ് എത്തിയത്. രാത്രി 9.15 ന് കോഴിക്കോട് എത്തേണ്ട തിരുവനന്തപുരം ബസ് എത്തിയത് രാത്രി 11ന്. കാസർകോട്, ഇരിട്ടി ഭാഗത്തേക്കുള്ള ബസുകൾ മാസങ്ങളായി മണിക്കൂറുകൾ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുന്നതും പതിവാണ്. ദേശീയപാത നിർമ്മാണമാണ് ബസുകൾ വെെകുന്നതിന് കാരണമായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. പാലക്കാട്, ഏറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകളാണ് അധികവും മണിക്കൂറുകൾ വൈകുന്നത്.
ബസുകളുടെ ലൊക്കേഷൻ അറിയാൻ ഗൂഗിൾമാപ്പ് നോക്കിയാലും രക്ഷയില്ലെന്ന് യാത്രക്കാർ പറയുന്നു. ബസ് പുറപ്പെടുന്നതും മറ്റും ഗൂഗിളിൽ കണ്ടെത്താൻ സാധിക്കുമെങ്കിലും ലൊക്കേഷൻ വ്യക്തമാവില്ല. ഡിപ്പോയിൽ അന്വേഷിച്ചാൽ ജീവനക്കാർ കെെമലർത്തുകയാണ്. ജോലി സംബന്ധമായും മറ്റും ദീർഘദൂരം യാത്ര ചെയ്യേണ്ടവർ വൈകിയോടൽ കാരണം കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. മദ്ധ്യവേനൽ അവധിയായതിനാൽ മൂകാംബികയ്ക്കും മറ്റും യാത്രക്കാർ കൂടുതലാണ്. രാത്രിയിൽ കുറ്റ്യാടി, വയനാട് ഭാഗത്തേക്കുള്ള ബസുകളും വൈകുന്നതായി യാത്രക്കാർ പറയുന്നു.
ബസുകൾ വെെകുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാനാവശ്യമായ സൗകര്യങ്ങളോ , ആവശ്യത്തിന് വെളിച്ചമോ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലില്ലാത്തും വെല്ലുവിളിയാവുകയാണ്.
'' റോഡ് പണി കാരണം ബസ് വെെകുന്നത് മനസിലാക്കാം. എന്നാൽ കൃത്യ സമയത്ത് യാത്രക്കാരെ അറിയിക്കാനാവശ്യമായ സംവിധാനങ്ങൾ ആവശ്യമാണ്.
- വെങ്കിടേഷ്, കൊയിലാണ്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |