SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ജില്ലയിൽ വരുന്നത് മണ്ണൊലിപ്പിൻറെ കാലം; ആശങ്കയായി പഠനറിപ്പോർട്ട്

eeee
മണ്ണൊലിപ്പിന് സാദ്ധ്യത

കോഴിക്കോട് മണ്ണൊലിപ്പിന് സാദ്ധ്യത വർദ്ധിക്കുന്നുവെന്ന് പഠനറിപ്പോർട്ട്

കോഴിക്കോട്: ഭൂമിശാസ്ത്രപരമായ സവിശേഷതയും സമീപകാല ഭൂവിനിയോഗ പ്രവണതകളും ജില്ലയിൽ മണ്ണൊലിപ്പിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ജില്ലയിൽ ശരാശരി വാർഷിക മണ്ണൊലിപ്പ് ഹെക്ടറിന് 28.7 ടൺ എന്ന തോതിലാണെന്നും ജില്ലാ പഞ്ചായത്ത് നിർദ്ദേശപ്രകാരം മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും സി.ഡബ്ല്യു.ആർ. ഡി.എമ്മും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വളരെ ചെറിയ മണ്ണൊലിപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങൾ, നേരിയ മണ്ണൊലിപ്പ്, മിതമായത്, മിതമായ ഗുരുതരമായ മണ്ണൊലിപ്പ്, കടുത്ത മണ്ണൊലിപ്പ്, വളരെ ഗുരുതരമായ മണ്ണൊലിപ്പ് എന്നിങ്ങനെ വിവിധ തരങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ജില്ല അഭിമുഖീകരിക്കുന്ന കാലാവസ്ഥാ സംബന്ധമായ അപകട സാദ്ധ്യതകളും മറ്റും പഠന വിഷയമായിട്ടുണ്ട്.

പഠനറിപ്പോർട്ട് ഗുരുതരം

ജില്ലയിൽ ഭാവിയിൽ മഴ കുറയും

താപനില വർദ്ധിക്കും
ജില്ലയിൽ 14.65 ശതമാനം പ്രദേശത്തെയും ഗുരുതരമായ മണ്ണൊലിപ്പ് ബാധിക്കാൻ സാദ്ധ്യത

7.34 ശതമാനം പ്രദേശങ്ങളിലും കടുത്ത മണ്ണൊലിപ്പ് സാദ്ധ്യത

കടുത്ത മണ്ണൊലിപ്പ് മണ്ണിന്റെ ഘടനയ്ക്ക് വലിയ നാശമുണ്ടാക്കും

കൃഷി യോഗ്യമായ ഭൂമി നഷ്ടപ്പെടും

അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നത് മൂലം ജലത്തിന്റെ ഗുണനിലവാരം ഇല്ലാതാകും.

നിസാരമല്ല കാര്യങ്ങൾ

മിതമായ മണ്ണൊലിപ്പ് ഉയർന്ന വിഭാഗങ്ങളെപ്പോലെ തീവ്രമല്ലെങ്കിലും കാർഷിക പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കൈകാര്യം ചെയ്യാവുന്നതാണെങ്കിലും മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കൂടുതൽ മണ്ണൊലിപ്പ് ഉണ്ടാവാതിരിക്കാൻ തുടർച്ചയായ നിരീക്ഷണവും സംരക്ഷണ രീതികളും പ്രധാനമാണ്. 10. 31 ശതമാനം പ്രദേശങ്ങളിൽ നേരിയ മണ്ണൊലിപ്പ് കാണപ്പെടുന്നുണ്ട്. കനത്ത മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ മണ്ണൊലിപ്പ് അനുഭവപ്പെടാം. സാധാരണമായി അത് തീവ്രമാകാൻ സാദ്ധ്യതയില്ല. 52.0 ശതമാനം പ്രദേശങ്ങളിൽ വളരെ ചെറിയ മണ്ണൊലിപ്പാണ് അനുഭവപ്പെടുന്നത്. സുരക്ഷിത സസ്യജാലങ്ങളുടെ ആവരണം, അനുകൂലമായ മണ്ണിന്റെ ഗുണങ്ങൾ, താരതമ്യേന മൃദുവായ ചെരിവുകൾ എന്നിവയുടെ സംയോജനമാണ് ഇവിടെ അപകട സാദ്ധ്യത കുറയ്ക്കുന്നത്.

മണ്ണൊലിപ്പ് പ്രതിരോധിക്കാൻ

മണ്ണൊലിപ്പ് വർദ്ധിക്കുന്നത് തടയാൻ നിയന്ത്രണ നടപടികൾ ആവശ്യമാണ്. മണ്ണൊലിപ്പ് സാദ്ധ്യത കുറഞ്ഞ പ്രദേശങ്ങളിൽ ചെക്ക് ഡാം, പുല്ലുകൾ നിറഞ്ഞ ജലപാതകൾ, കുളങ്ങൾ, ജല സംഭരണികൾ എന്നിവയാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ഇടത്തരം സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ഉയർന്ന സാദ്ധ്യതയുള്ള സ്ഥലങ്ങളിലും സംരക്ഷണ ചാലുകൾ, കൺസർവേഷൻ ബെഞ്ച് ടെറസ്, കോണ്ടൂർ ട്രെഞ്ചുകൾ, കോണ്ടൂർ ബണ്ടിംഗ്, ഗ്രേഡഡ് ബണ്ടിംഗ് എന്നിവയും ശുപാർശ ചെയ്യുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL