SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ആരാവും മേയർ ? പാറോപ്പടിയിലും മീഞ്ചന്തയിലും കാരപ്പറമ്പിലും പോരാട്ടം തീപ്പാറും

1
സി.പി മുസാഫർ അഹമ്മദ്

കോഴിക്കോട്: പോളിംഗ് ബൂത്തിലേക്ക് ഇനി ഒൻപത് നാളുകൾ. പ്രതീക്ഷയോടെ നഗരം കാത്തിരിക്കുന്നു. ആരാവും മേയർ..? അരയും തലയും മുറുക്കി കോർപ്പറേഷൻ പിടിക്കാൻ മുന്നണികൾ നെട്ടോട്ടമോടുമ്പോൾ മേയർ സ്ഥാനാർത്ഥികളായി പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡിവിഷനുകളിലും പോരാട്ടം ശക്തം. സിറ്റിംഗ് സീറ്റുകളിൽ യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ രംഗത്തിറക്കുമ്പോൾ ബി.ജെ.പി അടിത്തറയുള്ള ഡിവിഷനിലാണ് എൽ.ഡി.എഫ് മേയറാകാൻ സാദ്ധ്യത കൽപ്പിക്കുന്ന മുസാഫർ അഹമ്മദ് മത്സരിക്കുന്നത്. നിലവിലെ ഡെപ്യൂട്ടി മേയറും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.പി മുസാഫർ, ബി.ജെ.പി വാർഡായ മീഞ്ചന്തയിലാണ് ജനവിധി തേടുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഡോ.എസ്. ജയശ്രീ കോട്ടൂളിയിലാണ്. യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടിയിലും ജനവിധി തേടുന്നു. കാരപ്പറമ്പിലെ സിറ്റിംഗ് കൗൺസിലർ കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ജനറൽ സീറ്റിൽ ജയിച്ച് മേയറാകാനുള്ള മത്സരത്തിലാണ്. പതിവുരീതിയിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥികളെ തർക്കങ്ങളില്ലാതെ ആദ്യം പ്രഖ്യാപിച്ചെങ്കിലും മേയർ സ്ഥാനാർത്ഥിയാക്കാൻ രംഗത്തിറക്കിയ വി.എം വിനുവിന്റെ വോട്ട് തള്ളിയത് യു.ഡി.എഫിനേറ്റ അടിയായിരുന്നു.

മീഞ്ചന്ത

എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സി.പി.എമ്മിലെ സി.പി മുസാഫർ അഹമ്മദ് മത്സരിക്കുന്ന മീഞ്ചന്ത ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണ കപ്പക്കൽ വാർഡിൽ നിന്നാണ് അദ്ദേഹം ജയിച്ചത്. യു.ഡി.എഫിനായി കോൺഗ്രസിലെ എസ്.കെ അബൂബക്കറാണ് മത്സര രംഗത്തുള്ളത്. എൻ.ഡി.എയ്ക്കായി ബി.ജെ.പി സ്ഥാനാർത്ഥി ഷിജു. സിയും ജനവിധി തേടുന്നു. ബി.ജെ.പിയിലെ രമ്യ സന്തോഷ് 130 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ആയിരത്തിലധികം വോട്ട് നേടിയ ഡിവിഷനിൽ ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങിയത്.

പാറോപ്പടി

കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് മത്സരിക്കുന്ന പാറോപ്പടി യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. കേരള കോൺഗ്രസ് എമ്മിന്റെ സിറിയക്ക് മാത്യുവിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. ഹരീഷ് പൊറ്റങ്ങാടിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ കെ.സി ശോഭിത വിജയിച്ചത്. ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് കോർപ്പറേഷനിലേക്ക് യു.ഡി.എഫ് മത്സരിക്കുന്നത്. യുവതലമുറയ്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയും തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്ത് സമഗ്ര മാറ്റമാണ് ലക്ഷ്യമിടുന്നത്.

കാരപ്പറമ്പ്

സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കുന്ന മേയർ സ്ഥാനാർത്ഥിയാണ് ബി.ജെ.പിയുടെ നവ്യ ഹരിദാസ്. കാരപ്പറമ്പിലെ സിറ്റിംഗ് കൗൺസിലർ കൂടിയാണ്. ശക്തമായ മത്സരത്തിൽ 474 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നവ്യഹരിദാസ് കാരപ്പറമ്പിൽ കഴിഞ്ഞ തവണ വിജയിച്ചത്. ആർ.ജെ.ഡിയിലെ ഷാഹിതയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ ഷീജ കനകനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മികച്ച പ്രകടനം ഇക്കുറിയും കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. വാർഡുകളിലുടനീളം എൻ.ഡി.എ മുന്നണി ചെയ്ത പദ്ധതികൾ മുൻനിറുത്തിയാണ് പ്രചാരണം. നിലവിൽ ഏഴ് കൗൺസിലർമാരുള്ള ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22 ഇടങ്ങളിലാണ് രണ്ടാംസ്ഥാനത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL