SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി.കലോത്സവത്തിന് കൊടിയിറങ്ങി

photo
ഡോ.സി.ഉദയകല

കോഴിക്കോട്: കോഴിക്കോടിന് കലയുടെ വേറിട്ട വിരുന്നൊരുക്കിയ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് കൊടിയിറങ്ങി. മൂന്ന് ദിനങ്ങളിലായി പ്രായഭേദമന്യേ പ്രതിഭകൾ മാറ്റുരച്ച കലോത്സവം തീർത്തും വ്യത്യസ്തമായി. ജീവിതത്തിന്റെ സായന്തനത്തിൽ കലാവേദിയിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് പഠിതാക്കൾ. 18 മുതൽ 83 വയസുവരെയുള്ള പഠിതാക്കളാണ് പ്രായത്തിന്റെ അന്തരങ്ങൾ നോക്കാതെ വേദികളിൽ മാറ്റുരച്ചത്. ഇന്നലെകളിൽ മക്കളെയും കൊച്ചുമക്കളെയും കൊണ്ടാണ് കലോത്സവ വേദികളിലേക്കെത്തിയിരുന്നതെങ്കിൽ, കൊച്ചുമക്കളുടെ കൈപിടിച്ചാണ് മത്സരാർത്ഥികളിൽ പലരും ഇവിടേക്കെത്തിയത്.

മീഞ്ചന്ത ഗവ. ആർട്സ് കോളേജിലാണ് ഏഴ് വേദികളിലായി മത്സരങ്ങൾ നടത്തിയത്. മൂന്നാം ദിനത്തിൽ മാത്രം തൊള്ളായിരം പ്രതിഭകൾ പങ്കെടുക്കാനെത്തിയെന്ന സവിശേഷതയുമുണ്ട്. അഞ്ച് റീജിയണുകളിലായിട്ടാണ് സോണൽ കലോത്സവങ്ങൾ സംഘടിപ്പിച്ചത്. ഇവിടെ നിന്നും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവർ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചു. ഗ്രൂപ്പ് ഇനങ്ങൾക്ക് സംസ്ഥാന കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാമെന്നതിനാലാണ് കൂടുതൽ പങ്കാളിത്തമുണ്ടായത്.

കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ കലോത്സവം കൊല്ലത്താണ് നടന്നത്. രണ്ടാമത് കലോത്സവം എവിടെയാകണമെന്നതിൽ യൂണിവേഴ്സിറ്റിക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും കോഴിക്കോടിന്റെ മധുരത്തിനൊപ്പമാക്കാമെന്നാണ് തീരുമാനമായത്. അപ്പോഴേക്കും തദ്ദേശ തിരഞ്ഞെടുപ്പിന് വിജ്ഞാപനവുമായി. തടസങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും ജനറൽ കൺവീനറും സിൻഡിക്കേറ്റ് മെമ്പറുമായ ഡോ.സി.ഉദയകലയുടെ സംഘാടക മികവിൽ കലോത്സവം കൂടുതൽ ശ്രദ്ധേയമായി.

" കലോത്സവം കോഴിക്കോട് ഏറ്റെടുത്തുവെന്നത് വലിയ സന്തോഷം നൽകി. സംഘാടക സമിതിക്കൊപ്പം ചേർന്ന് പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദിയുണ്ട്. സ്കൂൾ കലോത്സവങ്ങളെപ്പോലെ, കലാലയ കലോത്സവങ്ങളെപ്പോലെ നടത്താൻ കഴിയുന്നതല്ല ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം. അത് ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ കൂടുതൽ സന്തോഷം."

- ഡോ.സി.ഉദയകല, ജനറൽ കൺവീനർ

ഗാസയിലെ യുദ്ധഭീകരത വേദിയിൽ, സദസ് പേടിയോടെ കണ്ടു

കോഴിക്കോട്: ഗാസയിലെ യുദ്ധഭീകരത തുറന്നുകാട്ടിയ പ്രച്ഛന്നവേഷവുമായെത്തി, കോഴിക്കോട് നല്ലളം എം.പി ഹൗസിൽ ഷാനവാസ് ഒന്നാമനായി. തിരശ്ശീല ഉയർന്നപ്പോൾ സദസ് കണ്ടത് പേടിപ്പെടുത്തുന്ന ദൃശ്യമായിരുന്നു. ബോംബ് സ്ഫോടനത്തിൽ കൈ നഷ്ടപ്പെട്ട ഒരു മനുഷ്യൻ. കാലുകൾക്കും ശരീരമാസകലം സാരമായ പരിക്ക്. ഒരു കണ്ണ് പരിക്കേറ്റ് പുറത്തേക്ക് തള്ളി നിൽക്കുന്നു. രക്തം കട്ടപിടിച്ച മുഖം. വസ്ത്രം മുഴുക്കെ ചോര, രക്ഷപെടുത്താൻ ഹെലികോപ്ടർ എത്തുമ്പോഴേക്കും ആ മനുഷ്യന്റെ ജീവൻ പൊലിഞ്ഞു. ഇത്തിരിനേരംകൊണ്ട് വലിയൊരു ദുരന്തക്കാഴ്ചയൊരുക്കിയാണ് പ്രച്ഛന്നവേഷത്തിൽ ഷാനവാസ് സമ്മാനം നേടിയെടുത്തത്. കോഴിക്കോട് ഹിമായത്തുൽ ഇസ്ളാം ഹയർ സെക്കൻഡഖറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ ഷാനവാസ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് ജെ.ഡി.ടി ആർട്സ് കോളേജിലെ എം.എ.ഹിസ്റ്ററി പഠിതാവാണ്. ഭാര്യ സജിനയും മക്കൾ അലൻഷായും ലഹൻഷായും ഇശലും പ്രോത്സാഹനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL