SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

വലതിനെ തലോടി ഇടതിനൊപ്പം

kozhikode
കോഴിക്കോട്

കോഴിക്കോട്: ഇടതിന് ആഴത്തിൽ വേരോട്ടമുള്ള മണ്ഡലമാണ് ജില്ല ആസ്ഥാനമുൾപ്പെടുന്ന കോഴിക്കോട് നോർത്ത്. എന്നാൽ യു.ഡി.എഫിനൊപ്പം 'കൈ' കോർത്ത നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രവുമുണ്ട്. ഹാട്രിക് വിജയത്തിന്റെ ആത്മവിശ്വാസ മാണ് നാലാം അങ്കത്തിൽ ഇടതിന്റെ കരുത്ത്. 2011ലും 2016ലും സി.പി.എമ്മിലെ എ.പ്രദീപ്കുമാറിനെ വിജയിപ്പിച്ച മണ്ഡലം 2021ൽ തോട്ടത്തിൽ രവീന്ദ്രനൊപ്പം നിന്ന് ചരിത്രം ആവർത്തിച്ചു. കോൺഗ്രസിലെ കെ.എം അഭിജിത്തിനെ 12,928 വോട്ടിനായിരുന്നു തോൽപ്പിച്ചത്. മുൻ മേയറെന്ന നിലയിൽ ജനങ്ങൾക്കിടയിലെ സ്വാധീനം വോട്ടായി. സിറ്റിംഗ് എം.എൽ.എയായതിനാൽ ഇത്തവണയും ഭരണനേട്ടങ്ങൾ എടുത്തുകാട്ടി വിജയിക്കാമെന്നാണ് പ്രതീക്ഷ. തോട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിലെ ചിലർ ചോദ്യം ചെയ്തെങ്കിലും സിറ്റിംഗ് എം.എൽ.എമാർ എല്ലാവരും മത്സരിക്കുന്നതിനാൽ വീണ്ടും നറുക്കു വീണു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ കോൺഗ്രസിന് എം.എൽ.എമാരില്ലെന്ന നാണക്കേട് മാറ്റാനുള്ള ശ്രമത്തിലാണവർ. സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പേ ജയന്ത് പ്രചാരണം തുടങ്ങിയിരുന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,952 വോട്ടാണ് ലഭിച്ചത്. ഇരു മുന്നണികളുടെയും പോരായ്മ ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ,

  • മണ്ഡല ചരിത്രം

1957 മുതൽ 2011 വരെ കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ട മണ്ഡലം പുന:ക്രമീകരിച്ചതോടെ കോഴിക്കോട് നോർത്ത് ആയി. 1957ൽ കോൺഗ്രസിന് കന്നി ജയം. ഒ.ടി.ശാരദാ കൃഷ്ണൻ നിയമസഭയിലെത്തി. 1960ലും കോൺഗ്രസ് ജയിച്ചു. 1965ൽ സി.പി.എമ്മിന്റെ പി.സി രാഘവൻ നായർ ജയിച്ചു. 1967ൽ സി.പി.എം വിജയം ആവർത്തിച്ചു. 1970ൽ കോൺഗ്രസിനൊപ്പം. 1977ൽ ഇടതുമുന്നണി ജയിച്ചു. 1980, 1982, 1987 വർഷങ്ങളിൽ ഇടതുമുന്നണിയ്ക്ക് ജയം. 1991ൽ കോൺഗ്രസിലെ എ.സുജനപാൽ. പിന്നീട് സി.പി.എമ്മിലെ എം. ദാസനും. 2001ൽ സുജനപാൽ വീണ്ടും ജയിച്ചു. എന്നാൽ 2006ൽ അദ്ദേഹം സി.പി.എമ്മിലെ എ.പ്രദീപ്കുമാറിനോട് തോറ്റു. തുടർന്ന് ഇതുവരെ ഇടത് പടയോട്ടം.

ആകെ വോട്ടർമാർ....1,72,455

സ്ത്രീകൾ....90,661

പുരുഷന്മാർ....81,790

ട്രാൻസ്ജെൻഡർ....4

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL