SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ചുട്ടുപൊള്ളി കോഴിക്കോട്; ജലസ്രോതസ്സുകൾ വറ്റുന്നു, കുടിവെള്ളക്ഷാമം രൂക്ഷം

choodu

കോഴിക്കോട്: വേനൽ കടുത്തതോടെ നാടും നഗരവും കുടിവെള്ളത്തിനായി അലയുന്നു. കടുത്ത ചൂടിനൊപ്പം ഭൂഗർഭ ജലനിരപ്പ് താഴ്ന്നതാണ് കോഴിക്കോട് ജില്ലയിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമായത്. മലയോരമേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും കിണറുകൾ വറ്റിയതോടെ പലയിടങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ ടാങ്കർ ലോറികളിലാണ് വെള്ളം എത്തിച്ചു നൽകുന്നത്. തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്, ചക്കിട്ടപാറ, പേരാമ്പ്ര, കായണ്ണ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ്. നഗരപ്രദേശങ്ങളായ മാങ്കാവ്, ആഴ്ചവട്ടം, ഞെളിയൻപറമ്പ്, വട്ടക്കിണർ തുടങ്ങിയ ഇടങ്ങളിലും കുടിവെള്ളത്തിന് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.ഇവിടങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവഞ്ഞിപ്പുഴ ഏതാണ്ട് വറ്റിവരണ്ട അവസ്ഥയിലാണ്, ചാലിയാറിലെ ഊർക്കടവ് റെഗുലേറ്റർ-കം-ബ്രിഡ്ജ് മൂലം ഇരുവഞ്ഞിപ്പുഴയോരത്ത് മുക്കം മുതൽ തൃക്കുടമണ്ണകടവ് വരെയുള്ള പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും, മറ്റ് പ്രദേശങ്ങളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നിട്ടുണ്ട്.

തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മലിൽ റെഗുലേറ്റർ-കം-ബ്രിഡ്ജ് എന്ന രൂപത്തിൽ ഒരു ദീർഘകാല പരിഹാരം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഊർക്കടവ് പദ്ധതിയുടെ മാതൃകയിൽ, വേനൽക്കാലത്ത് ഒഴുക്ക് നിയന്ത്രിച്ചുകൊണ്ട് വെള്ളം സംഭരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നേരത്തെ സംസ്ഥാന ബ‌ഡ്ജറ്റിൽ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജൽ ജീവൻ മിഷൻ പദ്ധതിയും മലയോര മേഖലയിൽ സ്തംഭിച്ചിരിക്കുകയാണ്. നിലവിൽ, കേരള ജല അതോറിറ്റിയുടെ ചെപ്പിലങ്കോട് കുടിവെള്ള പദ്ധതി മാത്രമാണ് പ്രധാന സ്രോതസ്സ്, എന്നാൽ എല്ലാ പ്രദേശങ്ങളെയും ഇത് ഉൾക്കൊള്ളുന്നുമില്ല


താപനില 37 ഡിഗ്രിയിലേക്ക്

ശനിയാഴ്ച ജില്ലയിൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇത് 37 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുന്നത് ഉപരിതല ജലസ്രോതസ്സുകളുടെ ബാഷ്പീകരണത്തിന് ആക്കം കൂട്ടും. ജില്ലയിൽ ഭൂജല വകുപ്പിന് കീഴിലുള്ള 104 മാതൃകാ കിണറുകളിൽ ഭൂരിഭാഗത്തിലും ജലനിരപ്പ് താഴ്ന്നതായാണ് റിപ്പോർട്ട്. ജലവിനിയോഗം വർദ്ധിച്ചതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.


യെല്ലോ അലർട്ട്

കാസർകോട്....37°
കണ്ണൂർ....37°
കോഴിക്കോട്....37°
മലപ്പുറം....37°
തൃശൂർ....37°
എറണാകുളം....37°
പത്തനംതിട്ട....37°
ആലപ്പുഴ...................37°
കോട്ടയം......38
കൊല്ലം.......................39
പാലക്കാട്......40

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL