കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രം വെറുമൊരു ആശുപത്രിയല്ല. ജീവന്റെ മിടിപ്പുകൾക്ക് പ്രതീക്ഷയുടെ ചിറകുവിരിക്കുന്നൊരിടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആതുരാലയം ഇന്ന് രാജ്യത്തിന് മാതൃകയാണ്. വിധിയെഴുത്തുകളെ തിരുത്തി നാളെയുടെ പുലരിയിലേക്ക് ചിരിച്ചുമടങ്ങിയ എത്രയോ കുഞ്ഞുങ്ങൾ. മാതൃ-ശിശുപരിപാലനത്തിൽ ആരോഗ്യ കേരളത്തിന്റെ ഐക്കണായി കോഴിക്കോട്ടെ സർക്കാർ മാതൃ -ശിശു സംരക്ഷണ കേന്ദ്രം മാറുമ്പോൾ ഏറെയുണ്ട് ആവശ്യങ്ങളും. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ കുറവ് പരിഹരിക്കപ്പെടണം. ചികിത്സാ സൗകര്യങ്ങളും വിപുലപ്പെടുത്തണം. കേരളകൗമുദി അന്വേഷണം ഇന്നുമുതൽ 'ആശ്രയം അന്യമാകരുത് '.
വായിൽ തലയുടെ ഇരട്ടി വലുപ്പം വരുന്ന മുഴയുമായാണ് മലപ്പുറത്തെ ദമ്പതിമാരുടെ മകൾ ദുവ ( പേര് യാഥാർത്ഥ്യമല്ല) ജനിച്ചത്. ശ്വാസതടസവും രക്തസ്രാവവും, ഏതുനേരവും മരണം തട്ടിയെടുക്കാം. ഡോക്ടർമാരുടെ അടക്കംപറച്ചിലിലും പ്രതീക്ഷ കൈവിട്ട വാക്കുകൾ. അവസാന പരീക്ഷണമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമം ദുവ ജീവിതത്തിലേക്ക്. ജനിച്ച് പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുവയുടെ വായിൽ നിന്ന് നീക്കിയത് 250 ഗ്രാം തൂക്കമുള്ള മുഴ. ദുവയുടെ രക്ഷിതാക്കൾക്ക് ഇന്നും ഓർക്കുമ്പോൾ ഞെട്ടലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും ഇത്തരം അതിജീവന കഥകൾ.
1975 ൽ 610 കിടക്കകളോടെ പ്രവർത്തനമാരംഭിച്ച ആശുപത്രി വളരെ വേഗത്തിലാണ് ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടത്തുന്ന ആശുപത്രിയെന്ന റെക്കാഡ് നേടിയത്. നാലുനില കെട്ടിടത്തിലായിരുന്നു തുടക്കം. 2011ൽ ഏഴ് നിലയുള്ള സുവർണ ജൂബിലി ബ്ലോക്ക് വന്നതോടെ വ്യാപിപ്പിച്ചു. അമ്മമാർക്കും കുട്ടികൾക്കും കൗമാരക്കാർക്കും സംരക്ഷണം നൽകുന്നതോടൊപ്പം അദ്ധ്യാപനം, പരിശീലനം, ഗവേഷണം എന്നിവയിലെല്ലാം മികവിന്റെ കേന്ദ്രമാണ് ഐ.എം.സി.എച്ച്. 2024ൽ മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് സംസ്ഥാനത്തെ ആദ്യത്തെ ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷനും ലഭിച്ചു. ഈ വർഷവും ആശുപത്രി ഈ ഖ്യാതി നിലനിറുത്തി. ആധുനിക ചികിത്സ സൗകര്യങ്ങൾക്കൊപ്പം മികച്ച ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ചേർത്തു പിടിക്കുമ്പോഴും പരിമിതികൾ ഏറെയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും റഫറൽ സംവിധാനത്തിന്റെ പാളിച്ചകളുമെല്ലാം ആശുപത്രിയുടെ മേൽ കരിനിഴൽ പരത്തുന്നു.
ശ്രദ്ധ പതിയണം ഇവിടങ്ങളിൽ
1. മദർ-ന്യൂബോൺ കെയർ യൂണിറ്റ്, മിൽക്ക് ബാങ്ക്, ഫെർട്ടിലിറ്റി സെന്റർ എന്നിവയുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല.
2. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ, ഭാരക്കുറവുള്ളവർ എന്നിവരെ പ്രവശേിപ്പിക്കുന്ന നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ(എൻ.ഐ.സി.യു) ഒരു കുഞ്ഞിനെ പരിചരിക്കാൻ ഒരു നഴ്സ് വേണമെന്നിരിക്കെ മൂന്ന് കുഞ്ഞിന് ഒരു നഴ്സ് മാത്രം.
3. കുഞ്ഞുങ്ങളുടെ ഹൃദയ, കരൾ ചികിത്സക്കായി സൗകര്യങ്ങളില്ല. വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം.
4. റഫറൽ സംവിധാനം നടപ്പാക്കണം. (ചെറിയ പനിക്ക് പോലും കുഞ്ഞിനെയും തോളിലിട്ട് ഐ.എം.സി.എച്ചിലേക്കോടുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുമൂലം അസുഖത്തിന്റെ തീവ്രത കൂടിയവർക്ക് ചികിത്സ കിട്ടാതെ പോകുന്നു).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |