കൽപ്പറ്റ: ഇന്നലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ടി.സിദ്ദീഖ് വയനാട് ജില്ലയുടെ ഏഴാമത്തെ മന്ത്രി. വേങ്ങര മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ.എം.ഷാജിയും വയനാട് കണിയാമ്പറ്റ സ്വദേശിയാണെന്ന പ്രത്യേകതയുമുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 2021ൽ 5470 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ടി.സിദ്ദീഖ് 2026 ൽ 45,031 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് മന്ത്രി പദവിയിലേക്കുയർന്നത്. ഇത് വയനാടിന് അഭിമാന നിമിഷമായി. എന്നാൽ അവസാന നിമിഷംവരെ സുൽത്താൻബത്തേരി മണ്ഡലത്തിൽ നിന്നുളള ഐ.സി.ബാലകൃഷ്ണൻ മന്ത്രിയാകുമെന്ന സൂചനയും ഉണ്ടായിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടമായി.
കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ പട്ടികജാതി–പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന ഒ.ആർ കേളുവാണ് ഒടുവിൽ വയനാട്ടിൽ നിന്ന് മന്ത്രിയായത്.
കേരള കർഷക തൊഴിലാളി പാർട്ടി സ്ഥാപകൻ ബി.വെല്ലിങ്ടണാണ് ആദ്യം വയനാട്ടിൽ നിന്ന് മന്ത്രിയായത്. കൽപ്പറ്റ എം.എൽ.എയായ വെല്ലിങ്ടൺ 1967ലെ ഇ എം എസ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന എം.കമലം 1982ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു. സോഷ്യലിസ്റ്റ് നേതാവായ എം.പി വീരേന്ദ്രകുമാർ 1987ൽ നായനാർ മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്നു. എന്നാലത് ഇരുപത്തിനാല് മണിക്കൂർ മാത്രം. കോൺഗ്രസ് നേതാവ് കെ.കെ രാമചന്ദ്രൻ 1995ലെ എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യവിതരണമന്ത്രിയും 2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയുമായിരുന്നു. കോൺഗ്രസ് നേതാവ് പി.കെ ജയലക്ഷ്മി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |