SignIn
Kerala Kaumudi Online
Sunday, 24 May 2026 1.43 AM IST

കീടനാശിനി വിലക്കയറ്റം; ഉള്ളുനീറി കർഷകർ

keedam-
കീടനാശിനി

കീടനാശിനികൾക്ക് ലിറ്ററിന് 300 രൂപ വില വർദ്ധിച്ചു

സുൽത്താൻബത്തേരി: രാസവളങ്ങളുടെ വിലവർദ്ധനയിൽ നിന്നും കർഷകർ കരകയറും മുമ്പേ കീടനാശിനികളുടെ വില കുത്തനെ ഉയർന്നത് കർഷകരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കീടങ്ങളെ പ്രതിരോധിക്കുന്നതിനും ആവശ്യമായ മരുന്നുകളുടെ വിലയാണ് കുത്തനെ ഉയർന്നത്. ലിറ്ററിന് 300 രൂപയോളം വരെ കീടനാശിനികൾക്ക് വില വർദ്ധിച്ചു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് കമുക്, വാഴ തുടങ്ങിയവയ്ക്ക് കീടനാശിനി പ്രയോഗം നടത്തിയെങ്കിൽ മാത്രമെ രോഗ പ്രതിരോധ ശേഷിയും കീടത്തെ നിയന്ത്രിക്കാനും കഴിയു. ഇപ്പോഴുണ്ടായ ഈ വില വർദ്ധന കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വളം,കീടനാശിനി വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം, സബ്സിഡി സംവിധാനങ്ങൾ ശക്തിപ്പെടുത്തണം, നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെ കർശന പരിശോധന വേണമെന്നുമാണ് കർഷക സംഘടനകളുടെ ആവശ്യം.

ആശങ്ക ഏറെ

നെല്ല്, കവുങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ വിളകൾ വ്യാപകമായി കൃഷിചെയ്യുന്ന കർഷകർക്കാണ് വിലക്കയറ്റം കനത്ത ആഘാതമായത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി രോഗകീട നിയന്ത്രണത്തിനായി നിർബന്ധമായും നടത്തേണ്ട മരുന്നുപ്രയോഗങ്ങളാണ് ഇപ്പോൾ പല കർഷകരും ഒഴിവാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നത്. ഇതോടെ വരാനിരിക്കുന്ന മാസങ്ങളിൽ വിളനാശവും ഉൽപാദന കുറവും ഉണ്ടാകുമെന്ന ആശങ്ക ഏറുകയാണ്. കവുങ്ങ് തോട്ടങ്ങളിൽ പൂവിടലും കായ്പിടിത്തവും നടക്കുന്ന നിർണായക ഘട്ടമാണിപ്പോൾ. ഈ സമയത്ത് കീടബാധയും ഫംഗസ് രോഗങ്ങളും തടയാൻ സ്ഥിരമായി മരുന്ന് പ്രയോഗം നടത്തേണ്ടതുണ്ട്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പല കീടനാശിനികൾക്കും വൻതോതിൽ വില വർദ്ധിച്ചതായി കർഷകർ പറയുന്നു. ചില മരുന്നുകൾക്ക് ഇരട്ടിയിലധികം വിലയായതായും പരാതിയുണ്ട്.

ഗുണമേന്മ ഉറപ്പാക്കണം

തൊഴിലാളി ക്ഷാമവും കൂലിവർദ്ധനയും ആയതോടെ കവുങ്ങ് തോട്ടങ്ങൾ മൊത്തമായി പാട്ടത്തിനെടുക്കുന്ന കച്ചവടക്കാരും പിന്മാറുന്ന സാഹചര്യമാണുള്ളത്. മരുന്ന് ചെലവും പരിപാലന ചെലവും കുത്തനെ കൂടിയതിൽ തോട്ടങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ. വിപണിയിൽ നിലവാരം കുറഞ്ഞ കീടനാശിനികളുടെ വിൽപ്പന വ്യാപകമാണെന്നും കർഷകർ പറയുന്നു. ഉയർന്ന വില നൽകി വാങ്ങുന്ന പല ഉത്പ്പന്നങ്ങൾക്കും ആവശ്യമായ ഗുണനിലവാരം ഇല്ലാത്തതിനാൽ രോഗനിയന്ത്രണം ഫലപ്രദമാകുന്നില്ലെന്നും പരാതി. രോഗങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ കീടനിയന്ത്രണ മാർഗങ്ങൾ നിർദേശിക്കാനും ഗുണമേന്മ ഉറപ്പാക്കാനും കൃഷിവകുപ്പ് കൂടുതൽ സജീവമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL