കോഴിക്കോട്: കടുത്ത വേനൽച്ചൂടിൽ ഉരുകിയ കോഴിക്കോടിന് ആശ്വാസമായി പെയ്‌തത് റെക്കാഡ് വേനൽമഴ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് ഒന്നുമുതൽ ജില്ലയിൽ സാധാരണയേക്കാൾ 41 ശതമാനം അധികമഴയാണ് ലഭിച്ചത്. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസങ്ങളും അനുഭവപ്പെട്ടപ്പോൾ, ജലക്ഷാമ ഭീഷണിയിലായിരുന്ന മേഖലകൾക്ക് മഴ വലിയ ആശ്വാസമായി.
വടക്കൻ കേരളത്തിൽ 338.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണയായി ഇക്കാലയളവിൽ ലഭിക്കേണ്ടത് 240.5 മില്ലിമീറ്റർ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച ജില്ലകളിൽ കോഴിക്കോട് രണ്ടാംസ്ഥാനത്താണ്. ഇന്നലെയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും രാത്രിയോടെ ശക്തമായ മഴ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനതലത്തിൽ ഒമ്പത് ശതമാനം കുറവ് വേനൽമഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ അധികമഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 180.1 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 278.9 മില്ലിമീറ്റർ മഴ ലഭിച്ചതോടെ കണ്ണൂർ ജില്ലയിൽ 55 ശതമാനം അധികമഴ രേഖപ്പെടുത്തി.
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും തീരദേശ മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ .വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്ന്ന മേഖലകൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം
ദുരന്തസാദ്ധ്യതാ മേഖലകളിൽ കഴിയുന്നവർ സമീപ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,
കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീഴാൻ സാദ്ധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം
അധികമഴ
കണ്ണൂർ-55%
കോഴിക്കോട്-41%
ആലപ്പുഴ-25%
കാസർകോട് -24%
പത്തനംതിട്ട -10%
മഴക്കുറവ്
കോട്ടയം-5%
വയനാട് -6%
തൃശൂർ- 12%
തിരുവനന്തപുരം -19%
കൊല്ലം -19%
എറണാകുളം-25%
മലപ്പുറം -25%
പാലക്കാട് -30%
ഇടുക്കി- 38%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |