SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

വില കൂടും, ജയിൽ ഭക്ഷണത്തിനും

foooood-
വില കൂടും, ജയിൽ ഭക്ഷണത്തിനും

ശുപാർശ നൽകി ജയിലധികൃതർ

കോഴിക്കോട്: ശിക്ഷാതടവുകാരുണ്ടാക്കി ജയിൽവകുപ്പ് വിൽക്കുന്ന ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങൾക്ക് നേരിയ വില വർദ്ധനവിന് സാദ്ധ്യത. പാചകവാതകം, പലചരക്ക്, പാൽ, പച്ചക്കറി, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടർന്നാണിത്. ഇതു സംബന്ധിച്ച ശുപാർശ ഫുഡ് യൂണിറ്റുകളുള്ള ജയിൽ സൂപ്രണ്ടുമാർ വകുപ്പിന് നൽകിയിട്ടുണ്ടെങ്കിലും തത്കാലം പഴയ നിരക്കിൽത്തന്നെ നൽകാനുമിടയുണ്ട്. വിലക്കുറവിൽ ജയിൽ വകുപ്പിന്റെ ഭക്ഷണ വിൽപ്പന ഹിറ്റാണ്. ചപ്പാത്തിക്ക് വില കൂട്ടിയപ്പോൾ വിൽപ്പനയിൽ ഇടിവുണ്ടായതും പരിഗണിക്കും.

വിവിധ ജയിലുകളിലുണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളിലെ വ്യത്യാസത്തിനനുസരിച്ചാണ് വർദ്ധനവിനുള്ള ശുപാർശ. വർദ്ധിപ്പിക്കുന്നുവെങ്കിൽ ഏകീകൃത രീതിയിലായിരിക്കും. ആദ്യഘട്ടത്തിൽ ബിരിയാണി ഇനങ്ങൾ, ഫ്രെെഡ് റെെസ്, ചിക്കൻ, ബീഫ് എന്നിവയുടെ വില 10 രൂപ വരെ വർദ്ധിപ്പിച്ചേയ്ക്കും. ചപ്പാത്തിയൊന്നിന് ഈയിടെയാണ് മൂന്ന് രൂപയാക്കിയത്. അതിനാൽ കൂട്ടാനിടയില്ലെന്നാണ് വിവരം. പത്തെണ്ണത്തിന്റെ പായ്ക്കറ്റിന് ഇപ്പോൾ 30 രൂപയാണ്. കോഴിക്കോട്ട് ചിക്കൻ ബിരിയാണി, ചപ്പാത്തി, ചിക്കൻ 65, ചിക്കൻ കറി, വെജിറ്റബിൾ കറി തുടങ്ങിയവയുണ്ടാക്കി വാഹനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിലെത്തിച്ച് വിൽക്കുന്നുണ്ട്. ജയിൽ കൗണ്ടറിലും വിൽപ്പനയുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ ഫുഡ് യൂണിറ്റുകൾ ലാഭത്തിലാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ മാത്രം ഒരു കോടിയോളം പ്രതിവർഷ ലാഭമുണ്ട്. 4.5 കോ‌ടിയോളമാണ് വാർഷിക വിറ്റുവരവ്. സാധനങ്ങൾ വൻതോതിൽ വാങ്ങുമ്പോൾ വിലക്കുറവ് ലഭിക്കും.

വേതനത്തിന് പ്രത്യേക ഫണ്ട്

ഫുഡ് യൂണിറ്റിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ പ്രതിദിന വേതനം 170 രൂപ വരെയാണ്. യൂണിറ്റുകളുടെ ലാഭത്തിൽ നിന്നാണ് ഇത് നൽകിയിരുന്നത്. എന്നാൽ വേതനം 560 രൂപ വരെയാക്കി കൂട്ടിയിട്ടുണ്ട്. ഇത്രയും തുക നൽകിയാൽ ഫുഡ് യൂണിറ്റുകൾ നഷ്ടത്തിലാകും. അതിനാൽ വർദ്ധിപ്പിച്ച വേതനത്തിനുള്ള തുക പ്രത്യേകം അനുവദിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ജനുവരിയിൽ വർദ്ധിപ്പിച്ച വേതനം ഇതുവരെ നൽകിയിട്ടില്ല.

ചിലയിനങ്ങളുടെ വില വർദ്ധന സാദ്ധ്യത

(നിലവിലുള്ള വില, കൂടാനിടയുള്ളത്)

ചിക്കൻ ബിരിയാണി....70....80

ബീഫ് ബിരിയാണി....70....80

എഗ് ബിരിയാണി....55....60

ബിരിയാണി റെെസ്....40....45

വെജ് ഫ്രെെഡ് റെെസ്...40....50

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL