കോഴിക്കോട്: ആധുനികനിലവാരത്തിലുള്ള ഡിസൈൻഡ് റോഡായി വികസിപ്പിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാതയിൽ അനധികൃത പാർക്കിംഗ്. നാലുവരിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ റോഡരികിൽ വണ്ടികൾ പാർക്ക് ചെയ്യുകയാണ്. അതുമൂലം നാടും നഗരവും ഗതാഗതക്കുരുക്കിലാണ്. മാവൂർ റോഡ് മുതൽ സി.എസ്.ഐ പള്ളിക്ക് മുൻവശം വരെയുള്ള ഭാഗങ്ങൾ, നടക്കാവ്, എരഞ്ഞിപ്പാലം ഭാഗങ്ങളിലെല്ലാം ബൈക്കുകളും കാറുകളും നിരനിരയായി പാർക്ക് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഫുട്പാത്തിനോടടുപ്പിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിന്റെ വീതി കുറയുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കാൽനടയാത്രക്കാരും വാഹനയാത്രികരും ഒരുപോലെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും പൊലീസ് മൗനം തുടരുകയാണ്. മാനാഞ്ചിറ - മലാപ്പറമ്പ് നാല് വരിപ്പാത 'സീറോ പാർക്കിംഗ്' മേഖലയാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷനു സമീപം പാറമ്മൽ സ്റ്റോപ് വരെ ഒരു കിലോമീറ്റർ റോഡിൽ പാർക്കിംഗ് നിരോധന മേഖലയാക്കി മാറ്റിയെങ്കിലും നിയമലംഘനം തുടരുന്നുണ്ട്. റോഡിൽ പല ഭാഗങ്ങളിലും സീബ്രാ ലൈനുകളും മറ്റ് റോഡ് അടയാളങ്ങളും ഇനിയും വരച്ചിട്ടില്ല. ഇതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുകയാണ്.
പാർക്കിംഗ് പ്രതിസന്ധിയിൽ
പുതിയ നഗരസഭ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുകളുണ്ടായിട്ടില്ല. വാഹനങ്ങളുമായി നഗരത്തിലെത്തുന്നവർക്ക് റോഡരികുകളാണ് ഇപ്പോഴും ആശ്രയം. മാനഞ്ചിറ, ബഷീർ റോഡ്, ടാഗോർ ഹാളിന് മുൻവശം, മാവൂർ റോഡ്, പുതിയ സ്റ്റാൻഡ് പരിസരം തുടങ്ങിയ തിരക്കേറിയ മേഖലകളിലും നിയന്ത്രണമില്ലാത്ത അനധികൃത പാർക്കിംഗ് തുടരുകയാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയും മാസങ്ങളായി മാനാഞ്ചിറ ബഷീർ റോഡ് ഓട്ടോക്കാർ കെെയടക്കിയിരിക്കുകയാണ്.
പാർക്കിംഗ് പ്ലാസ ഫയലിൽതന്നെ
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന പാർക്കിംഗ് പ്ലാസ ഇപ്പോഴും ഫയലിൽതന്നെ. 2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് ഏഴ് വർഷമായിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാതെ ഫയലിലുറങ്ങുന്നത്. 2022 ലാണ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി മിഠായിത്തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ചത്. 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. ഇപ്പോൾ അക്കാര്യത്തിലും വ്യക്തതയില്ല. നിലവിൽ ഈ സ്ഥലത്ത് മാലിന്യക്കൂമ്പാരവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗുമാണ്.
'റോഡിന്റെ വശങ്ങളെല്ലാം വണ്ടികൾ നിർത്തിയിട്ടിരിക്കുകയാണ്. നടക്കാൻ വയ്യ. പലപ്പോഴും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്.'
ഗീത, കാൽനടയാത്രക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |