കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ നാടും നഗരവും വെള്ളത്തിലായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മഴക്കാല പൂർവ ശുചീകരത്തിന് ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ഫലപ്രദമായി വിനിയോഗിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുയർന്നു. മഴയിൽ ഗതാഗത തടസത്തിന് പുറമെ ഓടകൾ അടഞ്ഞതിനെ തുടർന്ന് പലയിടത്തും വീടുകളിലേക്ക് വെള്ളംകയറി. കോഴിക്കോട‌് തോട്ടുമുക്കം ബാബുവിന്റെ വീടിന്റെ മതിലിടിഞ്ഞു. കൊടിയത്തൂർ കുണ്ടംപെയിൽ ചക്കിയുടെ ഓടിട്ട വീട് മഴയിൽ പൂർണമായും തകർന്നു.
ഉള്ള്യേരിയിൽ കന്നൂരിൽ പ്രേംകുമാറിന്റെ വീടിന് മുകളിൽ മരം വീണു. സംഭവ സമയത്ത് ചക്കിയുടെ വീട്ടിലും പ്രേംകുമാറിന്റെ വീട്ടിലും ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. പെരുവയലിൽ സ്വകാര്യവ്യക്തിയുടെ കിണറിടിഞ്ഞു. വടകര ടൗൺ വെള്ളത്തിൽ മുങ്ങി.
കോഴിക്കോട് മാവൂർ റോഡ്, പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഏകദേശം ഒരു കിലോമീറ്ററോളം വെള്ളത്തിനടിയിലായി. ഓടകളിൽ നിന്നുള്ള മലിനജലവും ചെളിയും റോഡിലേക്ക് കുത്തിയൊലിച്ചെത്തിയതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടി. മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലും വെള്ളക്കെട്ടുണ്ടായി. ഓടകൾക്ക് മുകളിൽ സ്ലാബുകൾ കൃത്യമായി സ്ഥാപിക്കാത്തതും പലതും തുറന്നുകിടക്കുന്നതും വെള്ളം നിറഞ്ഞ റോഡിലൂടെ നടക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാവുന്നു. പുഷ്പ ജംഗ്ഷൻ, അരയിടത്തുപാലം-പൊറ്റമ്മൽ ഡിവൈഡർ പരിസരം, ബീച്ച് ഫുഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രഹസനമായി ശുചീകരണം
നഗരത്തിലെ അഴുക്കുചാലുകൾ ചെന്നുചേരേണ്ട കനോലി കനാൽ നിറഞ്ഞു. കനാലിലെ പോളയും എക്കലും കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാൽ നഗരത്തിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്ന മൊയ്‌തീൻപള്ളി റോഡിൽ മഴ ശക്തമായതോടെ യാത്ര ദുഷ്കരമായി. റോഡരികിൽ അടുക്കിയ കല്ലുകളും മറ്റും വെള്ളത്തിലും ചെളിയിലും മുങ്ങി. റോഡിന്റെ ഒരു ഭാഗത്ത് ഓവുചാലും സ്ലാബ് സ്ഥാപിക്കലും പൂർത്തിയായെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളിലെ പ്രവൃത്തി തുടരുകയാണ്. മഴക്കാലമായതിനാൽ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്ന് നിശ്ചയമില്ല.
വടകരയിൽ വൻ നാശം
വടകര: ഇന്നലെ പെയ്ത കനത്ത മഴയിൽ പുതിയസ്റ്റാൻഡ് പരിസരം വെള്ളത്തിൽ മുങ്ങി. നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി. ഓൾഡ് അൽമ ബിൽഡിംഗിൽ താഴത്തെ നിലയിലെ സ്ഥാപനങ്ങളിൽ പലതിലും വെള്ളം കയറി. പത്തിലേറെ കടകളിലാണ് വെള്ളം കയറിയത്. മെഡിക്കൽ ഷോപ്പ്, കണ്ണട ഷോപ്പ്, മൊബൈൽ സർവീസിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി കടകളാണ് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ റോഡിന് കിഴക്കുഭാഗത്തുനിന്നുള്ള വെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് പൂർണമായി ഒഴുകുന്ന സാഹചര്യം ഇല്ലാത്തതാണ് വെള്ളക്കെട്ട് ഉണ്ടാവാൻ പ്രധാന കാരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്റ്റേഡിയത്തിലേക്ക് പോകുന്ന പ്രവേശനകവാടത്തിലുള്ള ടേക്ക് എ ബ്രേക്ക് കൗണ്ടറിന്റെ മേൽക്കൂര തകർന്നു. രാവിലെ 11 മണിയോടെയാണ് കാറ്റിൽ മേൽക്കൂര തകർന്ന് നിലംപതിച്ചത്. ഈ സമയത്ത് ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പിന്നീട് മുനിസിപ്പൽ അധികൃതർ ഇതിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തോട്ടുമുക്കത്ത് വീടും മതിലും തകർന്നു
മുക്കം: കാലവർഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ ചക്കിക്കുട്ടിയുടെ വീട് പൂർണമായി തകർന്നു. അപകടം നടക്കുന്ന സമയത്ത് ഇവർ വീട്ടിലില്ലാത്തതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാത്രിയോടെയാണ് വീട് പൂർണമായും നിലംപൊത്തിയത്. വീട്ടുപകരണങ്ങളും മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് നശിച്ച നിലയിലാണ്.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട തോട്ടുമുക്കം കിഴക്കേപറമ്പിൽ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നതാണ് മറ്റൊരു സംഭവം.തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് മതിലിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മണ്ണ് കുതിർന്നതാണ് മതിലിടിയാൻ കാരണം. രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മലയോര മേഖലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
വെള്ളത്തിൽ മുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയിൽ കൊയിലാണ്ടി നഗരത്തിലെങ്ങും വെള്ളക്കെട്ട്. നഗരസഭാ ഓഫീസ്, ബപ്പൻകാട് റെയിൽവേ അണ്ടർപാസ്, ബസ് സ്റ്റാൻഡ് പരിസരം, നടേലക്കണ്ടി, ചേരിക്കുന്നുമ്മൽ റോഡ്, സാംസ്കാരികനിലയത്തിന്റെ ഗ്രൗണ്ട് ഫ്ലോർ എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി ഇരു ചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാൽ നടക്കാർക്കും യാത്ര അസാദ്ധ്യമായി. പലയിടത്തും മഴക്കാലപൂർവ്വ ശുചീകരണം നടന്നിട്ടില്ലെന്ന് ഓട്ടോഡ്രൈവർമാർ പരാതിപ്പെട്ടു ഡ്രൈനേജിൽ മണ്ണും പ്ലാസ്റ്റിക് കുപ്പികളും കെട്ടിക്കിടക്കുകയാണ്.
ഈസ്റ്റ് റോഡിലെ റെയിൽവേ അണ്ടർ പ്പാസിലൂടെയുള്ള ഗതാഗതവും കാൽ നടയാത്രയും തടഞ്ഞതോടെ കോതമംഗലം ഭാഗത്തുള്ളവർക്ക് ടൗണിലെത്താൻ വഴിയില്ലാതെയായി. അണ്ടർപാസിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് പമ്പ് ചെയ്യുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം ഒരുകൂട്ടം ആളുകൾ വൈദ്യുതി ഉപകരണങ്ങൾ നശിപ്പിച്ചതിനെ തുടർന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വന്നിരിക്കുകയാണ്. ഇതോടെ കോതമംഗലത്തുകാർക്ക് ടൗണിലെത്താൻ റെയിൽവേ മേൽപ്പാലം വഴി വരണം. ഉടൻതന്നെ കേടുപാടുകൾ മാറ്റി വെള്ളം ഒഴുക്കിവിടുമെന്ന് നഗരസഭാചെയർപേഴ്സൺ യു.കെ. ചന്ദ്രൻ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |