കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം ഈ മാസം 22 വരെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലക്കുളത്തൂരിലെ നാല് വയസുകാരിയും മാവൂരിലെ 54-കാരിയുമാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ജില്ലയിൽ പ്രതിദിനം ശരാശരി മൂന്ന് പേർക്ക് വീതം രോഗം സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പെരുവയൽ, ആയഞ്ചേരി, മങ്ങാട്, തിരുവമ്പാടി, പുതിയാപ്പ, കൊളത്തറ, മൂടാടി, തിരുവങ്ങൂർ, കോടഞ്ചേരി, വളയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച പലരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും ഷിഗെല്ല രോഗം പകരുന്നത്. അതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ശ്രദ്ധിക്കണേ...
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തിയ ബാക്ടീരിയ ആമാശയത്തിന്റെ പ്രവർത്തനത്തെ മോശമാക്കുകയും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. വയറിളക്കമാണ് ആദ്യ ലക്ഷണം.
വ്യാപനം ഇതിലൂടെ
1.ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം
2.രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പയർ മാറ്റുന്നതിലൂടെ
3.രോഗിയെ പരിചരിക്കുന്നതിലൂടെയും അടുത്തിടപെടുന്നതിലൂടേയും
4.രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ
5. തടാകങ്ങൾ, നീന്തൽക്കുളങ്ങൾ മുതലായവയിലെ വെള്ളത്തിലൂടെ
പ്രതിരോധം ശക്തം; വീടുതോറും സർവേ
ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 11,006 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികൾ ഉറപ്പാക്കുകയും ചെയ്തു. ജലജന്യരോഗങ്ങൾ തടയുന്നതിനായി 3,479 കിണറുകൾ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷനും നടത്തി. 172 സാമ്പിളുകൾ ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി 164 അങ്കണവാടികളിലും 100 സ്കൂളുകളിലും പ്രത്യേക സന്ദർശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 13,033 ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.
'ജനങ്ങൾ വ്യക്തി ശുചിത്വം പാലിക്കുകയും ചുറ്രുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. രോഗം വന്നാൽ സ്വയ ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണണം
-രാജേഷ് അഡീഷണൽ ഡി.എം.ഒ
വയനാട്ടിൽ ശമനമായി, പക്ഷെ ആശങ്കയൊഴിയുന്നില്ല
എൻ.എ.സതീശ്
സുൽത്താൻ ബത്തേരി: കോളിയാടി എ.യു.പി സ്കൂളിലെ കുട്ടികൾ ഷിഗെല്ല രോഗലക്ഷണത്തെ തുടർന്ന് കൂട്ടത്തോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ട് മൂന്നാഴ്ച പിന്നിട്ടു. രോഗം പിടിപെട്ടവർക്കെല്ലാം ഭേദമായങ്കിലും ഒറ്റപ്പെട്ട കേസുകൾ ഇപ്പോഴുമുണ്ട്. കുട്ടികളിൽ രോഗ ലക്ഷണം കാണപ്പെട്ട സ്കൂളും, ഈ കുട്ടികളുമായി സമ്പർക്കത്തിലുള്ള മറ്റ് സ്കൂളുകളും കഴിഞ്ഞ 21 വരെ അടച്ചിട്ടിരുന്നത് തിങ്കളാഴ്ച തുറക്കുകയും ചെയ്തു. എന്നാൽ ഷിഗെല്ല രോഗബാധയെ തുടന്ന് ജനങ്ങളിലുണ്ടായ ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. മറ്റെന്തെങ്കിലും രോഗം പിടിപെട്ടാലും അത് ഷിഗെല്ലയാണന്ന സംശയമാണ് ജനങ്ങളിൽ.
ഷിഗെല്ലയുടെ ആദ്യ ഉറവിടം കണ്ടെത്തിയ കോളിയാടി സ്കൂൾ തിങ്കളാഴ്ചയാണ് തുറന്നത്. എന്നാൽ സ്കൂളിലെത്തിയ ഒരു കുട്ടിക്ക് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അത് ഷിഗെല്ലയാണെന്ന ആശങ്കയുണ്ടായി. എന്തായാലും കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചു. ആശങ്കപ്പെടെണ്ട ഒരു സാഹചര്യവുമില്ലെന്നും കുട്ടി പൂർണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഷിഗെല്ല രോഗ ഭീഷണിയെ തുടർന്ന് സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലെയും ,നെന്മേനി , നൂൽപ്പുഴ,അമ്പലവയൽ പഞ്ചായത്തുകളിലേയും സ്കൂളുകളാണ് ആഴ്ചകളായി അടച്ചിട്ടിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾ പതിവുപോലെ സ്കൂളിലെത്താൻ തുടങ്ങിയെങ്കിലും , കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടികളിൽ കാണപ്പെടുന്ന മറ്റ് അസ്വസ്ഥതകളെല്ലാം ഷിഗെല്ല രോഗമാണെന്ന ആശങ്കയാണ് പലരിലും കാണുന്നത്. ചിലർ ഈ ആശങ്ക സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ പല രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |