സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റിയുടെ നെന്മേനി മഞ്ഞാടിയിലുള്ള മീറ്റ് ഫാക്ടറി നിൽക്കുന്ന സ്ഥലം പൊതുലേലത്തിന് വച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവ്. മീനങ്ങാടി സ്വദേശികളായ രണ്ടുപേരുടെ ഹരജികളിലാണ് സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിക്ഷേപത്തുക തിരികെ നൽകാൻ കോടതി വിധിച്ചിട്ടും നൽകാത്തതിനാലാണ് അടുത്തമാസം എട്ടിന് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം പൊതുലേലത്തിന് വയ്ക്കാൻ കോടതി ഉത്തരവായിരിക്കുന്നത്.
ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചിട്ടും സൊസൈറ്റിയുമായുള്ള കരാറുപ്രകാരം തുക ലഭിക്കാതായതോടെയാണ് മീനങ്ങാടി സ്വദേശികളായ മറിയാമ്മയും, ജോബി കെ. മാത്യുവും കോടതിയെ സമീപിച്ചത്. ഇരുവരും സൊസൈറ്റിയിൽ നിക്ഷേപിച്ച തുകയും സൊസൈറ്റി തിരികെ ഓരോ മാസവും ലാഭവിഹിതമടക്കം തിരികെ നൽകുമെന്ന പറഞ്ഞ തുകയും കാലാവധിയായിട്ടും തിരികെ നൽകിയിരുന്നില്ല. മറിയാമ്മ 50 ലക്ഷവും, ജോബി 22 ലക്ഷം രൂപയുമാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഈ തുകയും, കമ്പനി തുടർന്ന് ഓരോമാസവും നൽകാമെന്ന പറഞ്ഞ ലാഭവിഹിതവും കോടതി ചെലവുമടക്കം നിക്ഷേപകർക്ക് തിരികെ നൽകണമെന്ന് 2024ലാണ് കോടതി വിധിവന്നത്. ഇതുപ്രകാരം മറിയാമ്മയ്ക്ക് 65,10000 രൂപയും ഇതിൽ വിധിവന്നതുമുതൽ ആറുശതമാനം പലിശയും, കോടതിച്ചെലവായ 7,68,865 രൂപയുമടക്കവും, ജോബിക്ക് 28, 11900 രൂപയും വിധി വന്നതുമുതൽ ആറുശതമാനം പലിശയും കോടതി ചെലവായ 3.43882 രൂപയും നൽകാനായിരുന്നു വിധി. എന്നാൽ ബ്രഹ്മഗിരി ഡെവലെപ്പ്‌മെന്റ് സൊസൈറ്റി തുക നൽകാതായതോടെ ഹരജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |