കോഴിക്കോട്: മെഡി.കോളേജിൽ എത്തുന്ന രോഗികൾക്ക് ആശ്വസിക്കാം. ഇനി വരാന്തയിൽ കിടന്ന് ദുരിതമനുഭവിക്കേണ്ടി വരില്ല. രോഗിത്തിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാർ സമഗ്ര നടപടികൾ ആരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും വരെ ആരോഗ്യസ്ഥാപനങ്ങളെ ശാക്തീകരിച്ച് മെഡി. കോളേജുകളിലെ അമിത രോഗി പ്രവാഹം നിയന്ത്രിക്കാനാണ് തീരുമാനം. നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുകളിൽ ചികിത്സ പൂർത്തിയാക്കിയ രോഗികളെ വീടിനടുത്തുള്ള ജില്ലാ, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി തുടർചികിത്സ ഉറപ്പാക്കുന്ന ബാക്ക്-റഫറൽ സംവിധാനം ശക്തമാക്കും. ഇതിനായി ജില്ലാ-താലൂക്ക് ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കൂടുതൽ വിന്യസിക്കുകയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. തിരുവനന്തപുരം മെഡി. കോളേജിൽ പൈലറ്റ് പദ്ധതിയായി ഒഴിവുള്ള കിടക്കകൾ ഫലപ്രദമായി വിനിയോഗിച്ച് രോഗികൾ നിലത്ത് കിടക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃക സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മറ്റ് മെഡി.കോളേജിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും.വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അഭാവത്തിൽ പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടങ്ങൾ, ഐസൊലേഷൻ വാർഡുകൾ, ഡയാലിസിസ് യൂണിറ്റുകൾ എന്നിവയും അടിയന്തരമായി പ്രവർത്തനസജ്ജമാക്കുകയും ചെയ്യും.
ദുരിതം പേറി രോഗികളും
നിലവിൽ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ 1 മുതൽ 8 വരെ വാർഡുകൾ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പലരും പായ വിരിച്ചാണ് വരാന്തയിൽ തണുപ്പത്ത് കിടക്കുന്നത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ന്യൂമോണിയ, മഞ്ഞപ്പിത്തം, പനിബാധിതർ തുടങ്ങിയവരാണ് കൂടുതലും. പുതിയ പി.എം.എസ്.എസ്.വൈ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ രോഗികളുടെ തിരക്കിനു പരിഹാരമാകുമെന്നാണ് കരുതിയത്. പഴയ അത്യാഹിത വിഭാഗം മെഡിസിൻ വാർഡുകളാക്കി തിരക്ക് കുറയ്ക്കാനായിരുന്നു ശ്രമം. അൽപ്പകാലത്തേക്ക് രണ്ട് മെഡിസിൻ വാർഡുകൾ ഇവിടേക്ക് മാറ്റിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഏറ്റവുമധികം രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിസിൻ, എല്ലുരോഗ വിഭാഗത്തിനാണ് സ്ഥലപരിമിതി ഏറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |