കോഴിക്കോട്: ഇടതുപക്ഷ മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു എ.സി. ഷൺമുഖദാസ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽ.ഡി.എഫ് നേതാവും മുൻ മന്ത്രിയുമായിരുന്ന എ.സി. ഷൺമുഖദാസിന്റെയും സി.കെ. ഗോവിന്ദൻ നായരുടെയും (സി.കെ.ജി) ഓർമ പുതുക്കി കോഴിക്കോട് എ.കെ.ജി ഹാളിൽ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയെ ശക്തിപ്പെടുത്താനും മുന്നണിക്ക് ക്ഷതമേൽക്കാതിരിക്കാനും ഷൺമുഖദാസ് ശ്രദ്ധ പുലർത്തി. പ്രശ്‌നമുള്ളവരോട് ചർച്ച ചെയ്യാൻ മുൻകൈ എടുത്ത നേതാവാണ് അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു. ദുർബലരായി കഴിയുന്ന ജനവിഭാഗങ്ങളെ അദ്ദേഹം വീടുകളിൽ പോയി കണ്ടിരുന്നു. അദ്ദേഹം രൂപം കൊടുത്ത പ്രസ്ഥാനത്തെ എത്രത്തോളം മുൻപോട്ടുകൊണ്ടുപോവാൻ കഴിഞ്ഞുവെന്ന് പിണറായി വിജയൻ ചോദിച്ചു. അനുസ്മരണ പുരസ്കാരം മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. എൻ.സി.പി.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും എ.സി. ഷൺമുഖദാസ് പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എൻ.സി.പി.എസ് നേതാവ് എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കൃഷ്ണൻകുട്ടി, തോമസ്.കെ.തോമസ്, എൻ.സി.പി.വർക്കിംഗ് പ്രസിഡന്റ് രാജൻ, മുക്കം മുഹമ്മദ്, വർക്കല രവികുമാർ, പി.എ.കുഞ്ഞുമോൻ എന്നിവർ പ്രംസഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |