കോഴിക്കോട്: മഴ കനത്തുപെയ്തതോടെ കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പേടിസ്വപ്നമാകുന്നു.
നിരവധിപേരാണ് മഴ ആസ്വദിക്കാൻ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, കുന്നിൻപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തുന്നത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതും പല സ്ഥലങ്ങളിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോ കണ്ട് പരിചയമില്ലാത്ത ഇടങ്ങളിലെത്തി അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും കൂടി. അപകട സാദ്ധ്യത ഏറെയുള്ള കോടഞ്ചേരി പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ മലപ്പുറം സ്വദേശി ഷിബിൽ റഹ്മാൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
സുരക്ഷ പേരിന്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, വെള്ളരിമല, വടകര സാന്റ്ബാങ്ക്സ്, കടലുണ്ടി, കാപ്പാട് ബീച്ച്, സരോവരം, വയലട, മലയോരത്തെ പ്രധാന ടൂറിസം ആകർഷണങ്ങളായ ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയിൽ, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം, വയലട, നന്മണ്ട പൊക്കുന്ന് തുടങ്ങിയ ഇടങ്ങളിലെല്ലാം നിരവധി പേരാണ് എത്തുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി സജ്ജീകരണങ്ങളുണ്ടെന്ന് അധികൃതർ പറയുമ്പോഴും പേരിൽ മാത്രമാണ്. പലയിടങ്ങളിലും സി.സി.ടി.വികൾ പ്രവർത്തിക്കുന്നില്ല. അപകട മുന്നറിയിപ്പ് ബോർഡുകളെല്ലാം നശിച്ചു. അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഒരുക്കിയില്ല. സുരക്ഷാ കെെവരികളെല്ലാം തുരുമ്പിച്ചു.
മഴക്കാലത്ത് നിരവധി പേരെത്തുന്ന മലയോര മേഖലയിലെ പ്രധാന കുന്നിൻ പ്രദേശമായ കക്കാടംപൊയിൽ, പൊക്കുന്ന് എന്നിവിടങ്ങളിൽ ഒരു സുരക്ഷയുമില്ല. കോഴിക്കോട് ബീച്ച് ഉൾപ്പെടെയുളള പ്രധാനപ്പെട്ട ബീച്ചുകളിൽ പരിചയ സമ്പന്നരായ ലെെഫ് ഗാർഡുകളും കുറവ്.
പതങ്കയത്ത് നിയന്ത്രണം
കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഗൈഡ് മരിച്ച സാഹചര്യത്തിൽ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ സുരക്ഷ കർശനമാക്കി. ദിവസവും രണ്ട് ലെെഫ് ഗാർഡുകളും തിരക്കുള്ള ദിവസങ്ങളിൽ മൂന്നും നാലും പേരുണ്ടാകും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി പതങ്കയം സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നുണ്ട്. അതേ സമയം മുന്നറിയിപ്പുകൾ അവഗണിച്ചെത്തുന്നവരാണ് അപകടത്തിൽപെടുന്നത്. സഞ്ചാരികൾ പലപ്പോഴും പ്രധാന വഴികൾ ഒഴിവാക്കി ഇടവഴികളിലൂടെയാണ് നിരോധന മേഖലകളിലേക്ക് എത്തുന്നത്. പതങ്കയത്ത് അപകട സാദ്ധ്യത ഏറെയുള്ള വലിയ മൂന്ന് കയങ്ങളും ഒരു വെള്ളച്ചാട്ടവുമാണുള്ളത്. 30ലധികം പേരുടെ ജീവനാണ് ഇവിടെ ഇതുവരെ പൊലിഞ്ഞത്.
'' ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലെെഫ് ഗാർഡുകളും അധികൃതരും നൽകുന്ന സുരക്ഷ അറിയിപ്പുകൾ സഞ്ചാരികൾ പാലിക്കണം''
-പ്രദീപ് ചന്ദ്രൻ.
ഡി.ടി.പി.സി സെക്രട്ടറി
''പതങ്കയത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ടെങ്കിലും ആളുകൾ പല ഭാഗങ്ങളിലൂടെയാണ് വരുന്നത്. എത്രയൊക്കെ ബോധവത്കരണം നൽകിയിട്ടും ആളുകൾ അത് ഗൗനിക്കുന്നില്ല. ''
-അലക്സ് തോമസ് ചെമ്പകശ്ശേരി,
കോടഞ്ചേരി പഞ്ചായത്ത് വെെസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |