കോഴിക്കോട്: ചോർച്ച തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാതെ നിർമ്മാണക്കമ്പനി. വലിയ ആവേശത്തോടെ ജനങ്ങൾ ഏറ്റെടുത്ത കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ഡബിൾ ഡെക്കറാണ് ചോർച്ചയും മതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവവും കാരണം പാതിവഴിയിലാവുന്ന അവസ്ഥയിലെത്തിയത്.
സീലിംഗിൽനിന്ന് വെള്ളംചോർന്ന് ലൈറ്റിലൂടെ യാത്രക്കാരുടെ തലയിലേക്കാണ് വീഴുന്നത്. ഇതോടെ പരാതികളുടെ എണ്ണവും കൂടി. മഴക്കാലത്ത് ചോർച്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പിന്നീട് ലീക്ക്-പ്രൂഫ് ചെയ്ത് പരിഹരിക്കാമെന്നും നിർമ്മാണ കമ്പനി അറിയിച്ചിരുന്നെങ്കിലും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. ടൂറിസം മേഖലയ്ക്ക് ശ്രദ്ധേയമായ ഉണർവ് നൽകിയ പദ്ധതിയാണിപ്പോൾ അനിശ്ചിതത്വത്തിലായത്. പ്രതിദിനം 5,000 മുതൽ 6,000 രൂപ വരെ മാത്രമാണ് നിലവിലെ വരുമാനം. യാത്രക്കാർ തീരെ കുറയുന്നതോടെ ചില ദിവസങ്ങളിൽ ഇത് 1,500 രൂപയിലേക്ക് വരെ താഴും. വാരാന്ത്യങ്ങളിൽ നേരിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ബസ് ഓടിക്കാനുള്ള ഭീമമായ ചെലവ് കെ.എസ്.ആർ.ടി.സി.ക്ക് വലിയ ബാദ്ധ്യതയാവുകയാണ്.
ഉയർന്ന നടത്തിപ്പ് ചെലവും ചാർജിംഗ് പ്രതിസന്ധിയുമാണ് സർവിസിനെ പ്രധാനമായും ബാധിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ചാർജിംഗ് പോയിന്റ് ഉപയോഗിച്ചിരുന്ന സമയത്ത് കുറഞ്ഞ ചെലവിൽ ചാർജിംഗ് നടന്നിരുന്നു. എന്നാൽ നിലവിൽ വൈ.എം.സി.എ, ഫാത്തിമ ആശുപത്രി, നടക്കാവ് തുടങ്ങിയ ഇടങ്ങളിലെ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളെയാണ് അധികൃതർ ആശ്രയിക്കുന്നത്. ഒരു തവണ ചാർജ് ചെയ്യാൻ മാത്രം 2,500 രൂപയോളം വരും. മാർച്ച് 27 മുതൽ ജൂൺ 14 വരെ നടത്തിയ സർവീസിൽ 55,069 പേരാണ് യാത്ര ചെയ്തത്. ഈ കാലയളവിൽ ഏകദേശം 15.54 ലക്ഷം രൂപ വരുമാനം ലഭിച്ചു. രണ്ടുകോടി രൂപ ചെലവഴിച്ച് ടൂറിസം പദ്ധതിയുടെ ഭാഗമായി സർവീസിനിറക്കിയ സംസ്ഥാനത്തെ ഏക ഡബിൾ ഡെക്കർ ഇലക്ട്രിക് ബസാണിത്.
മുകൾനിലയിൽ 36 പേർക്കും താഴത്തെ നിലയിൽ 28 പേർക്കും ഇരിപ്പിട സൗകര്യമുള്ള ബസ് വൈകീട്ട് 3 മുതൽ രാത്രി 9 വരെ ദിവസവും അഞ്ച് ട്രിപ്പുകളാണ് നടത്തുന്നത്. മഴക്കാലം അവസാനിച്ച് ടൂറിസം സീസൺ സജീവമാകുന്നതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും വർദ്ധിച്ച് വരുമാനം പഴയ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
" സർവീസ് നിർത്തിവയ്ക്കില്ല. ചോർച്ച ഉടൻ പരിഹരിക്കുമെന്ന് നിർമാണക്കമ്പനി അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.."
-ജി. പി.രാഹുൽ പ്രകാശ്
കെ.എസ്.ആർ.ടി.സി.കോഴിക്കോട് ജില്ലാ ബജറ്റ്
ടൂറിസം സെൽ കോർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |