കോഴിക്കോട്: വയനാട്, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തോടെ ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം നിറുത്തിവച്ചത് മലബാറിന്റെ സ്വപ്നപദ്ധതിക്കു മേൽ കരിനിഴലായി. അപകടമുണ്ടായതിനെ പറ്റിയും കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ പരിസ്ഥിതി നിബന്ധനകൾ പാലിച്ചോ എന്നു അന്വേഷിച്ച ശേഷമേ നിർമ്മാണം പുനഃരാരംഭിക്കുകയുള്ളൂ.
ഇതിനായി പരിസ്ഥിതി സെക്രട്ടറിയും ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറിയും അദ്ധ്യക്ഷരായി രണ്ട് സമിതികളുണ്ടാക്കുമെന്ന് സർക്കാർ ഹെെക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി നിബന്ധനകൾ സംബന്ധിച്ച് പരിസ്ഥിതി സെക്രട്ടറിയാണ് അന്വേഷിക്കുക. അപകടത്തിന്റെ സാങ്കേതിക, നിയമ വശങ്ങളെ പറ്റി ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. അതുവരെ തുരങ്കപാത നിർമ്മാണം മുടങ്ങും.
വയനാട്ടുകാരുടെ വലിയ സ്വപ്നമാണ് പദ്ധതി. വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട്ടെത്താൻ ഇപ്പോൾ വലിയ ഗതാഗത തടസമാണുണ്ടാകുന്നത്. 2018 ലെ പ്രളയകാലത്ത് വയനാട്ടിൽ തക്കസമയത്ത് സഹായമെത്തിക്കാൻ പോലും ചുരം റോഡിലെ ഗതാഗത തടസത്തെ തുടർന്ന് കഴിഞ്ഞില്ല. അപ്പോഴാണ് ബദൽ റോഡെന്ന ആശയമുദിച്ചത്. തുരങ്കപാത വരുന്നതോടെ യാത്രാസമയം കുറയും. വയനാടിന്റെ ടൂറിസം, വരുമാന സാദ്ധ്യതകളും കൂടും. ബംഗളൂരുവിൽ നിന്നടക്കമുള്ള ചരക്കു ഗതാഗതവും സുഗമമാകും. ആനക്കാംപൊയിൽ ഭാഗത്ത് രണ്ട് തുരങ്കങ്ങളുടെയും പണി പുരോഗമിക്കുകയായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതും നിറുത്തിവച്ചു. 120 മീറ്ററോളം ഭാഗമാണ് ഇവിടെ പാറ തുരന്നത്. തുരങ്കമുഖത്ത് എത്താൻ കൂടുതൽ മണ്ണ് നീക്കേണ്ടിവന്നില്ല.
പഠിക്കാനൊരുങ്ങി, അട്ടിമറിച്ചു
തുരങ്കപാതയുടെ സാദ്ധ്യത പഠിക്കാനുള്ള സംസ്ഥാന ദുരന്ത നിവരണ അതോറിറ്റിയുടെ നീക്കം അതോറിറ്റി ഭരണസമിതി തന്നെ അട്ടിമറിച്ചുവെന്ന് ആക്ഷേപമുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമാണ് അന്തിമമെന്നും ദുരന്ത നിവാരണ അതോറിറ്റിക്ക് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു കണ്ടെത്തൽ. പരിസ്ഥിതി ആഘാതം, പരിഹാര മാർഗങ്ങൾ എന്നിവ പഠിക്കാനായിരുന്നു നീക്കം.
തുരങ്കപാത ഇങ്ങനെ
ആകെ നീളം.... 8.73 കി.മീ
ഇരട്ട തുരങ്കം....8.11 കി.മി
നീളം
കോഴിക്കോട് ജില്ലയിൽ....3.15 കി.മീ.
വയനാട് ജില്ലയിൽ.... 5.58 കി.മീ.
ചെലവ് 2134 കോടി രൂപ.
കള്ളാടിയിൽ മണ്ണ് നീക്കേണ്ടിയിരുന്നത്
നീളം 300 മീറ്റർ
വീതി 60 മീറ്റർ
ഉയരം 30 മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |