SignIn
Kerala Kaumudi Online
Thursday, 06 August 2026 2.47 AM IST

അരീയ്ക്കൽ റോഡ് തീരാ ദുരിതത്തിൽ

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെണ്ടാർ അരീയ്ക്കൽ ഭാഗം കലുങ്ക് നിർമ്മാണം പൂർത്തിയാകുമ്പോഴും റോഡ് നിർമ്മാണം തുടങ്ങിയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിൽ യാത്രാ ദുരിതമേറി. കൊട്ടാരക്കര- പുത്തൂർ റോഡിൽ നിന്നാണ് അരീക്കൽ ഭാഗം റോഡ് തുടങ്ങുന്നത്. അരീയ്ക്കൽ ഭാഗം ശ്രീവിദ്യാധിരാജ എൽ.പി സ്കൂളും ഈ റോഡരികിലാണ്. റോഡിലെ ടാറിംഗ് പൂർണമായും ഇളകിപ്പോയിട്ട് വർഷങ്ങളായി. തകർന്ന റോഡിൽ മെറ്റലുകൾ ഇളകിത്തെറിക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽപ്പെടുന്നുമുണ്ട്. കാൽനട യാത്രപോലും പ്രയാസകരമാംവിധം റോഡ് തകർന്നിരിക്കുകയാണ്. മുൻപ് റോഡിൽ പച്ചമണ്ണിട്ട് നിരത്തി താത്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. അതെല്ലാം മഴയത്ത് ഇളകിപ്പോയി. റോഡിന്റെ അരികിലായിട്ടാണ് ശ്രീവിദ്യാധിരാജ എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ ബസ് വരുന്നതിനുപോലും പറ്റാത്ത സ്ഥിതിയാണിപ്പോൾ.

 കലുങ്ക് പൂർത്തിയായി

ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന വി.സുമാലാൽ മുൻകൈയെടുത്ത് ഇവിടെ കലുങ്ക് നിർമ്മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാധാരണ കലുങ്കിനേക്കാൾ വീതിയുള്ളതിനാൽ ചെറിയ പാലം എന്ന നിലയിലാണ് നിർമ്മിച്ചത്. തകർന്ന കലുങ്ക് പൂർണമായും പൊളിച്ച് മാറ്റി പുതിയത് നിർമ്മിച്ചു. കൈവരികൾ സ്ഥാപിക്കലും സംരക്ഷണ ഭിത്തി കെട്ടലുമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായായാൽ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാം. എന്നാൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഇനി യാത്ര എങ്ങിനെയെന്നാണ് നാട്ടുകാർ ചിന്തിക്കുന്നത്.

 ഫണ്ട് അനുവദിച്ചത് എവിടെ?

മന്ത്രിയായിരിക്കെ കെ.എൻ.ബാലഗോപാൽ അരീയ്ക്കൽ ഭാഗം റോഡിന്റെ നവീകരണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർ നടപടികൾ ആകുന്നില്ല. നാടിന്റെ യാത്രാദുരിതം ഏറുമ്പോഴും അനുവദിച്ച തുക ഉപയോഗിച്ച് റോഡിന്റെ നവീകരണം നടത്താനാകുമോ എന്ന ആശങ്കയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL