
മലപ്പുറം: തേങ്ങയുടെ ഉല്പാദനം കുറഞ്ഞതോടെ നാളികേര വില റെക്കാഡിലേക്ക്. മൊത്ത വിപണിയിൽ പൊതിച്ച തേങ്ങ കിലോയ്ക്ക് 56 രൂപ നൽകണം. പൊതിക്കാത്ത തേങ്ങ ഒന്നിന് 19 രൂപയാണ് നിലവിലെ മൊത്തവില. കൊപ്ര കിലോയ്ക്ക് വില 173ലെത്തി. കൊട്ടത്തേങ്ങയ്ക്കാകട്ടെ ഒന്നിന് നൽകണം 24 രൂപ. ഏഴ് വർഷത്തിനിടെ ഇത്രയും വില വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ തവണ കുറഞ്ഞ മഴ മാത്രം ലഭിച്ചതോടെ തെങ്ങ് കൃഷി പ്രതിസന്ധി നേരിട്ടതാണ് വിലവർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒന്നര മാസം മുമ്പ് വരെ പൊതിച്ച തേങ്ങയ്ക്ക് 29 രൂപയും പൊതിക്കാത്ത തേങ്ങയ്ക്ക് 10 രൂപയുമായിരുന്നു നൽകേണ്ടത്.
നേരത്തെ 1,000 തേങ്ങ വരെ ലഭിച്ചിരുന്നിടത്ത് 300 എണ്ണം മാത്രമുള്ള സ്ഥിതിയായി.
സംസ്ഥാനത്ത് പല ജില്ലകളിലും കന്യാകുമാരി, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നെല്ലാം തേങ്ങ എത്തിക്കുന്നുണ്ട്. എന്നാൽ, മലപ്പുറം ജില്ലയിൽ പ്രാദേശികമായി മാത്രം ഇറക്കുമതി ചെയ്യുന്നവയാണുള്ളത്.
വെളിച്ചെണ്ണയും റെക്കാഡിലേക്ക്
തേങ്ങയുടെ വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയുടെ വിലയിലും റെക്കാഡ് വർദ്ധനവുണ്ടായി. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 280 രൂപയാണ് നിലവിലെ വില. 180 രൂപയിൽ കൂടുതലൊന്നും ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് വില വരാറില്ലെന്ന് വ്യാപാരികൾ പറയുന്നു.
മൊത്ത വ്യാപാര വില
പൊളിച്ച തേങ്ങ - 56 (കിലോ)
പൊളിക്കാത്ത തേങ്ങ - 19 (ഒരെണ്ണം)
കൊപ്ര - 173 ( കിലോ)
കൊട്ടത്തേങ്ങ - 24 (ഒരെണ്ണം)
വെളിച്ചെണ്ണ - 280 ( ലിറ്റർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |