SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

കടുവ ആളെ പിടിക്കുവോളം കാത്തിരിക്കണോ? ചോദ്യം പുല്ലങ്കോട്ടുകാരുടേത്

tiger

കാളികാവ്: ഞങ്ങളിൽ ആരെയെങ്കിലും കടുവ പിടിക്കുന്നത് വരെ കാത്തിരിക്കുകയാണോ ഇവർ - കടുവഭീതി നിലനിൽക്കുന്ന പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെ ചോദ്യത്തിൽ പ്രതിഷേധത്തിന്റെ കാഠിന്യമുണ്ട്. ഏറെക്കാലമായി കടുവാ ഭീതി നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. പലയിടങ്ങളിലായി കടുവയും മറ്റു വന്യമൃഗങ്ങളും മനുഷ്യജീവനെടുക്കുന്നതിന്റെ വാർത്തകളെത്തുമ്പോൾ ആശങ്ക വളരുകയാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇരുപതിലേറെ തവണ ഇവിടെ കടുവയിറങ്ങി വളർത്തു മൃഗങ്ങളെയും കാട്ടുപന്നികളെയും കൊന്നു തിന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം എസ്റ്റേറ്റിന്റെ 2006 പ്ലാന്റേഷനിൽ പലതവണ കടുവയെ തൊഴിലാളികൾ കണ്ടിരുന്നു. തുടർന്ന് വനം വകുപ്പ് കെണിവച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് എസ്റ്റേറ്റിനോട് ചേർന്ന ചിങ്കക്കല്ല് ഭാഗത്ത് കാട്ടാനക്കുട്ടിയെ കടുവ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയിരുന്നു. 2013ൽ പുല്ലങ്കോട് ജനവാസ മേഖലയായ താൾക്കണ്ടിയിലും കടുവ വളർത്തുമൃഗങ്ങളെ വേട്ടയാടിയ നിലയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 10ന് കല്ലാമൂല വള്ളിപ്പൂളയിലും കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ അടക്കാക്കുണ്ട് എഴുപതേക്കറിൽ ഇരുപതിലേറെ വളർത്തു മൃഗങ്ങളെ കാണാതായിട്ടുണ്ട്.ഇത് കടുവയോ പുലിയോ പിടിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ അടക്കാക്കുണ്ട് ചങ്ങണം കുന്നിൽ വീട്ടുമുറ്റത്ത് ചങ്ങലയിലായിരുന്ന പട്ടിയെ കടുവ കടിച്ചെടുത്ത് കൊണ്ടു പോയി. ഇരുപതോളം വളർത്തുമൃഗങ്ങളും ഇവിടെ നിന്ന് കടുവ കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ഭാഗത്താണ് കടുവയും കുഞ്ഞുങ്ങളും മേയുന്നത് നാട്ടുകാർ കണ്ടത്.ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു.

ഈ മാസമെത്തിയത് നാലുതവണ

  • ഈ മാസം നാലു തവണയാണ് പുല്ലങ്കോട് എസ്റ്റേറ്റിലെ ഒരേ ഭാഗത്ത് കടുവയിറങ്ങി കാട്ടുപന്നിയെ കൊന്നുതിന്നത്.
  • ഈ മാസം പത്തിന് തൊഴിലാളികൾ കടുവയെ നേരിട്ടുകണ്ടിരുന്നു. നേരം പുലരും മുമ്പാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്.
  • ഈ മാസം 8, 10,17,20 തീയതികളിലാണ് ഇവിടെ കടുവയിറങ്ങിയത്.
  • 2013 പ്ലാന്റേഷനിൽ മൂന്നു തവണയും 2004 പ്ലാന്റേഷനിൽ ഒരു തവണയുമാണ് ഈ മാസം കടുവയെ കണ്ടത്.'
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL