തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഇന്നു തുടങ്ങും. ഇന്ന് രാവിലെ പള്ളിയുണർത്തൽ ചടങ്ങോടെയാണ് തുടക്കം. രാവിലെ ശീവേലി നടക്കും. വൈകിട്ട് നാലരയ്ക്ക് കാഴ്ചശീവേലി. സന്ധ്യാകീർത്തനത്തിനു ശേഷം ദീപാരാധനയും നാമജപ പ്രദക്ഷിണവും. തുടർന്ന് കാഞ്ഞങ്ങാട് അഖിൽ രാജ് മാരാർ അവതരിപ്പിക്കുന്ന തായമ്പക. ഇന്നും നാളെയും പോരൂർ ഹരിദാസ് മേളപ്രമാണിയാകും. ശിവരാത്രി ദിവസം പുലർച്ചെ 3 മണിക്ക് പള്ളിയുണർത്തൽ നടക്കും. അന്ന് ശീവേലികൾക്ക് ചെറുശ്ശേരി കുട്ടൻ മാരാർ മേളപ്രമാണിയാകും. വൈകിട്ടത്തെ കാഴ്ചശീവേലി പഞ്ചവാദ്യത്തോടെയാവും. അന്നു രാത്രി മണ്ണാർക്കാട് ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന ഡബിൾ തായമ്പക. മൂന്നു ദിവസവും ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളുണ്ട്. കൃഷ്ണപുരത്ത് മുരളിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർക്കൂത്ത് എന്നിവ 3 ദിവസവും നടക്കും. ക്ഷേത്രത്തിനകത്തെ ശിവശൈലം ഓഡിറ്റോറിയത്തിലും പുറത്തെ വേദിയിലും 3 ദിവസവും കലാപരിപാടികളും നടക്കും. ഇന്നു രാവിലെ ശിവശൈലം ഓഡിറ്റോറിയത്തിൽ പാച്ചത്ത് ഗിരിജയും ലത വിജയനും അവതരിപ്പിക്കുന്ന പുരാണ പാരായണം, കഥാകഥനം. വൈകിട്ട് പുറത്തെ വേദിയിൽ ഭരതനാട്യം, നൃത്തനൃത്യങ്ങൾ, സെമി ക്ലാസിക്കൽ ഡാൻസ്, തിരുവാതിരക്കളി, കോഴിക്കോട് പാരഡൈസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും. മൂന്ന് ദിവസവും ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |